
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരായ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിന് രണ്ട് വിക്കറ്റ് ജയം. തുടര്‍ച്ചയായ രണ്ടാം ജയമാണ് റിപ്പിള്‍സ് സ്വന്തമാക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗ്ലോബ്‌സ്റ്റാര്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. അന്‍ഫല്‍ (27 പന്തില്‍ 52), സല്‍മാന്‍ നിസാര്‍ (26 പന്തില്‍ 48) എന്നിവരുടെ ഇന്നിംഗ്‌സുകളണ് ഗ്ലോബ്‌സ്റ്റാര്‍സിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ റിപ്പിള്‍സ് 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അഭിഷേക് നായര്‍ (27 പന്തില്‍ 54), മുഹമ്മദ് അസറുദ്ദീന്‍ (30 പന്തില്‍ 39) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ വിജയത്തില്‍ നിര്‍ണായകമായി.
അഭിഷേക്, അസര്‍ എന്നിവര്‍ക്ക് പുറമെ ജലജ് സക്‌സേന (22), അരുണ്‍ (22), മുഹമ്മദ് കൈഫ് (13) എന്നിവരാണ് റിപ്പിള്‍സിന് വേണ്ടി രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അക്ഷയ് (3), മുഹമ്മദ് ഇനാന്‍ (1), അനുജ് ജോതിന്‍ (7) എന്നിവരും പുറത്തായി. ഒരു ഘട്ടത്തില്‍ 19.5 ഓവറില്‍ എട്ടിന് 170 എന്ന നിലയിലായിരുന്നു റിപ്പിള്‍സ്. അവസാന പന്തില്‍ ജയിക്കാന്‍ ഏഴ് റണ്‍സ് വേണമായിരുന്നു. എന്നാല്‍ ഇബ്‌നുല്‍ അഫ്താബ് അവസാന പന്ത് വൈഡ് എറിഞ്ഞു. അത് ബൗണ്ടറിയിലേക്കും പോയി. അടുത്ത പന്തും അഫ്താബ് വൈഡ് എറിഞ്ഞു. ഇതിനിടെ ശ്രീരൂപ് (2) - ആദ്യത്യ ബൈജു (0) ഒരു റണ്‍ ഓടിയെടുക്കുകയും ചെയ്തതോടെ റിപ്പിള്‍സ് വിജയമുറപ്പിച്ചു.
നേരത്തെ സല്‍മാന്‍ - അന്‍ഫല്‍ എന്നിവര്‍ക്ക് പുറമെ അജിനാസ് (27), അഖില്‍ സ്‌കറിയ (27) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സുരേഷ് സച്ചിന്‍ (2), രോഹന്‍ കുന്നുമ്മല്‍ (0), പ്രീതിഷ് പവന്‍ (7) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ജയിച്ചെങ്കിലും റിപ്പിള്‍സ് ആറ് മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. ഗ്ലോബ്‌സ്റ്റാര്‍സ് നാലാം സ്ഥാനത്തേക്ക് വീണും. ഗ്ലോബ്‌സ്റ്റാര്‍സിനും ആറ് പോയിന്റാണ് ഉള്ളതെങ്കിലും നെറ്റ് റണ്‍റേറ്റില്‍ റിപ്പിള്‍സിനെ മറികടന്നു. ആറ് പോയിന്റുള്ള കൊല്ലം സെയ്‌ലേഴ്‌സ് മൂന്നാമതാണ്. മികച്ച റണ്‍റേറ്റാണ് അവരെ മൂന്നാമതാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!