
മുംബൈ: നെറ്റ്ഫ്ലിക്സിലെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ രസകരമായ സംഭാഷണവുമായി ഇന്ത്യയുടെ മുൻ താരങ്ങളായ മുഹമ്മദ് കൈഫും യുവരാജ് സിങ്ങും വിരേന്ദർ സെവാഗും. പുതിയ എപ്പിസോഡിന്റെ ടീസറിലാണ് രസകരമായ സംഭാഷണം. താൻ യുവരാജിനേക്കാളും സെവാഗിനേക്കാളും ദരിദ്രനാണെന്ന് തമാശരൂപേണ കൈഫ് പറയുന്ന ടീസർ വൈറലായി. യുവരാജും സെവാഗും തോളൊന്ന് കുടഞ്ഞാൽ 5-6 കോടി രൂപ താഴെ വീഴും. ഞാൻ ദരിദ്രനാണെന്നും കൈഫ് പറഞ്ഞു. തൊട്ടുപിന്നാലെ മറുപടിയുമായ യുവരാജ് രംഗത്തെത്തി. നീ ഏത് ഷൂസാണ് ധരിക്കുന്നതെന്നായിരുന്നു യുവരാജിന്റെ ചോദ്യം. ഗുച്ചി എന്നായിരുന്നു മറുപടി. ഇനി പറയൂ ഇവൻ ദരിദ്രനാണോയെന്ന് യുവരാജ് ചോദിച്ചതോടെ ചിരിയുയർന്നു.
മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗ് , യുവരാജ് സിംഗ് , മുഹമ്മദ് കൈഫ് എന്നിവർ പരസ്പരം നല്ല ബന്ധം പങ്കിടുന്നവരാണ്. 2000 കളിൽ ഈ മൂവരും ഒരുമിച്ച് ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. 2002 ലെ നാറ്റ്‌വെസ്റ്റ് സീരീസ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ കൈഫും യുവരാജും തമ്മിലുള്ള നിർണായകമായ മാച്ച് വിന്നിംഗ് കൂട്ടുകെട്ട് ക്രിക്കറ്റ് ആരാധകരുടെ ഓർമ്മയിൽ മായാതെ നില്‍ക്കുന്നു. രണ്ട് ടൂർണമെന്റുകളിലും നിർണായക പങ്ക് വഹിച്ച യുവരാജ് 2007 ലെ ടി20 ലോകകപ്പും 2011 ലെ ക്രിക്കറ്റ് ലോകകപ്പും രാജ്യത്തിനായി നേടിത്തന്നു. മധ്യനിര ബാറ്റ്‌സ്മാനായ കൈഫ്, 2000 മാർച്ചിൽ ബെംഗളൂരുവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ആറ് വർഷത്തിലധികം നീണ്ട കരിയറിൽ അദ്ദേഹം ഇന്ത്യയ്ക്കായി 13 ടെസ്റ്റുകളും 125 ഏകദിനങ്ങളും കളിച്ചു.
നിരവധി ഇന്നിംഗ്‌സുകളുടെയും ക്യാച്ചുകളുടെയും പേരിലാണ് കൈഫ് ഓർമ്മിക്കപ്പെടുന്നത്. 2002 ൽ ലോർഡ്‌സിൽ നടന്ന നാറ്റ്‌വെസ്റ്റ് സീരീസിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 326 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മത്സരത്തിൽ പുറത്താകാതെ 87 റൺസ് നേടിയതാണ് അദ്ദേഹത്തിന്‍റെ കരിയറിലെ അവിസ്മരണീയ നേട്ടം. യുവരാജ് സിങ്ങിനൊപ്പം (69) കൈഫ് ആറാം വിക്കറ്റിൽ 121 റൺസ് കൂട്ടിച്ചേർത്തു. കളിയിൽ മൂന്ന് പന്തുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യ രണ്ട് വിക്കറ്റിന് വിജയിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തു. 2003-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ഫൈനൽ കളിച്ച ഇന്ത്യൻ ടീമിൽ കൈഫ് അംഗമായിരുന്നു.
മധ്യനിര ബാറ്റ്സ്മാനായി തിരഞ്ഞെടുക്കപ്പെട്ട കൈഫ്, 32.01 ശരാശരിയിൽ രണ്ട് സെഞ്ച്വറികളും 17 അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 2,753 റൺസ് നേടി തന്റെ ഏകദിന കരിയർ പൂർത്തിയാക്കി. 13 ടെസ്റ്റുകളിൽ നിന്ന് 32.84 ശരാശരിയിൽ 624 റൺസ് അദ്ദേഹം നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!