
ബറോഡ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സൗരാഷ്ട്ര-ബറോഡ മത്സരത്തിനിടെ വാക് പോര് നടത്തി മുന്‍ ഇന്ത്യന്‍ താരങ്ങളായ അംബാട്ടി റായഡുവും ഷെല്‍ഡണ്‍ ജാക്സണും. സൗരാഷ്ട്രക്കായി ജാക്സണ്‍ ബാറ്റ് ചെയ്യുന്നതിനിടെ മത്സരത്തിന്‍റെ ഒമ്പതാം ഓവറിലായിരുന്നു സംഭവം. ബറോഡ നായകനായ റായുഡു ജാക്സണെ പ്രകോപിപ്പിക്കുന്ന രീതിയില്‍ എന്തോ പറഞ്ഞു.
ഇതുകേട്ട് രൂക്ഷമായ വാക്കുകളുമായി ബാറ്റുമായി ജാക്സണ്‍ കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു റായുഡുവിന് അടുത്തേക്ക് ഓടിയടുക്കുകയായിരുന്നു. ഇരുവരും കൈയാങ്കളിക്ക് അടുത്തെത്തിയെങ്കിലും മുന്‍ ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യയും അമ്പയര്‍മാരും മറ്റ് സഹതാരങ്ങളും ഇടപെട്ട് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു. പന്ത് നേരിടാന്‍ ജാക്സണ്‍ കൂടുതല്‍ സമയം എടുക്കുന്നതില്‍ പ്രകോപിതനായാണ് റായുഡു ദേഷ്യപ്പെട്ടതെന്നാണ് കമന്‍ററിയില്‍ നിന്ന് വ്യക്തമാവുന്നത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സടിച്ചെങ്കിലും 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ സൗരാഷ്ട്ര ലക്ഷ്യം അടിച്ചെടുത്തു. 52 പന്തില്‍ 97 റണ്‍സടിച്ച സമര്‍ത്ഥ് വ്യാസ് ആണ് സൗരാഷ്ട്രയുടെ ടോപ് സ്കോറര്‍. ചേതേശ്വര്‍ പൂജാര 18 പന്തില്‍ 14 റണ്‍സടിച്ച് പുറത്തായി. ബറോഡ നായകനായ അംബാട്ടി റായുഡു ഗോള്‍ഡന്‍ ഡക്കായി പുറത്തായപ്പോള്‍ ഷെല്‍ഡണ്‍ ജാക്സണ്‍ 16 പന്തില്‍ 17 റണ്‍സ് അടിച്ചു.
സയ്യിദ് മുഷ്താഖ് അലിയില്‍ ആന്ധ്രക്കെതിരായ സൗരാഷ്ട്രയുടെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്നതിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച അംബാട്ടി റായുഡു പിന്നീട് വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചെത്തിയിരുന്നു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായാണ് റായുഡു ഇപ്പോള്‍ കളിക്കുന്നത്. ഷെല്‍ഡണ്‍ ജാക്സണാകട്ടെ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയിട്ടും ഇന്ത്യന്‍ ടീമിലോ ഐപിഎല്ലിലേ കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന ജാക്സണ് ഏതാനും മത്സരങ്ങളില്‍ അവസരം ലഭിച്ചെങ്കിലും തിളങ്ങാനായിരുന്നില്ല.