'രോഹിത് ശര്‍മ്മ ധോണിയുടെ സിഎസ്‌കെയില്‍ എത്തും'; വമ്പന്‍ പ്രവചനം

By Web TeamFirst Published Mar 11, 2024, 8:39 PM IST
Highlights

ഐപിഎല്‍ 2025 സീസണിന് മുമ്പ് മെഗാതാരലേലം ഉണ്ടാകുമെന്ന് ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലെ നായകസ്ഥാനം നഷ്‌ടമായ രോഹിത് ശര്‍മ്മ ഭാവിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എത്തിയേക്കുമെന്ന് സിഎസ്‌കെ മുന്‍ താരം അമ്പാട്ടി റായുഡു. ഐപിഎല്‍ 2025 സീസണിന് മുന്നോടിയായി മെഗാതാരലേലം നടക്കുമെന്നതിനാല്‍ മുംബൈക്ക് മൂന്നോ നാലോ താരങ്ങളെ മാത്രമേ നിലനിര്‍ത്താനാകൂ എന്നതാണ് ഇതിന് കാരണം. 

ഐപിഎല്‍ 2025 സീസണിന് മുമ്പ് മെഗാതാരലേലം ഉണ്ടാകുമെന്ന് ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മെഗാ ലേലത്തിന് മുമ്പ് മൂന്നോ നാലോ താരങ്ങളെ നിലനിര്‍ത്താനേ ഫ്രാഞ്ചൈസികള്‍ക്ക് അവസരമുണ്ടാകൂ. ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി സ്റ്റാര്‍ ബാറ്റര്‍ രോഹിത് ശര്‍മ്മയ്ക്ക് പകരം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാക്കിയിരുന്നു. ടീമിന്‍റെ ഭാവി കൂടി കണക്കാക്കിയായിരുന്നു ഈ നീക്കം. അതിനാല്‍ തന്നെ 2024 സീസണ്‍ മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിന്‍റെ അവസാന എഡിഷനായിരിക്കും എന്ന് കരുതുന്നവരേറെ. ഇതേ കണക്കുകൂട്ടലാണ് സിഎസ്‌കെ മുന്‍ താരം അമ്പാട്ടി റായുഡുവിനുള്ളത്. 

'രോഹിത് ശര്‍മ്മയ്ക്ക് അഞ്ചാറ് സീസണ്‍ കൂടെ ഐപിഎല്‍ കളിക്കാനാകും. രോഹിത്തിനെ സിഎസ്‌കെയില്‍ കാണാന്‍ ആഗ്രഹമുണ്ട്. മുംബൈ ഇന്ത്യന്‍സിനായി ഏറെ മത്സരങ്ങള്‍ കളിക്കുകയും നേട്ടങ്ങള്‍ കൊയ്യുകയും അദേഹം ചെയ്‌തിട്ടുണ്ട്. അവ സിഎസ്‌കെയിലും രോഹിത് ശര്‍മ്മ ആവര്‍ത്തിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു' എന്നും അമ്പാട്ടി റായുഡു പറഞ്ഞു.

ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നാണ് തങ്ങളുടെ മുന്‍ താരം കൂടിയായ ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിവരാന്‍ ക്യാപ്റ്റനാക്കണം എന്ന ഉപാധി പാണ്ഡ്യ മുന്നോട്ടുവച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പത്ത് സീസണുകളിലായി അഞ്ച് ഐപിഎല്‍ കിരീടം മുംബൈക്ക് സമ്മാനിച്ച രോഹിത് ശര്‍മ്മയ്ക്ക് ഇതോടെ ക്യാപ്റ്റന്‍റെ കസേര ഒഴിയേണ്ടിവരികയായിരുന്നു. 

Read more: നമ്മളിവിടെ പല പേരും ചര്‍ച്ച ചെയ്യുന്നു; റിങ്കു സിംഗ് പോലും ട്വന്‍റി 20 ലോകകപ്പ് കളിക്കുമെന്ന് ഉറപ്പില്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!