'ലോകകപ്പ് ഫൈനലില്‍ സൂര്യകുമാർ ക്യാച്ചെടുക്കുമ്പോള്‍ ബൗണ്ടറി റോപ്പ് സ്ഥാനം മാറിയിരുന്നു', വെളിപ്പെടുത്തലുമായി അംബാട്ടി റായുഡു

Published : Aug 19, 2025, 10:32 AM IST
Suryakumar yadav catch

Synopsis

ടി20 ലോകകപ്പ് ഫൈനലിലെ സൂര്യകുമാർ യാദവിന്റെ നിർണായക ക്യാച്ചിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് മറുപടി നൽകി അമ്പാട്ടി റായുഡു. 

ഹൈദരാബാദ്: കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ കിരീടം ഉറപ്പിച്ചത് ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ യാദവ് എടുത്ത അസാമാന്യ ക്യച്ചിലൂടെയായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കക്ക് ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സായിരുന്നു. ഫുള്‍ടോസായ ഹാര്‍ദ്ദിക്കിന്‍റെ ആദ്യ പന്ത് ഡേവിഡ് മില്ലര്‍ ലോംഗ് ഓഫിലേക്ക് സിക്സിനായി പറത്തിയെങ്കിലും ഓടിയെത്തിയ സൂര്യകുമാര്‍ യാദവ് പന്ത് കൈയിലൊതുക്കി.

ഓട്ടത്തിനിടെ നിയന്ത്രണം നഷ്ടമായി ബൗണ്ടറി ലൈന്‍ കടക്കും മുമ്പ് പന്ത് വായുവിലെറിഞ്ഞ് തിരികെ ബൗണ്ടറിക്ക് അകത്തെത്തി സൂര്യകുമാ‍ർ ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. ഇതായിരുന്നു മത്സരത്തിന്‍റെ ഗതി തിരിച്ചത്. എന്നാല്‍ സൂര്യകുമാര്‍ യാദവ് ക്യാച്ചെടുക്കുമ്പോള്‍ ബൗണ്ടറി റോപ്പ് മാറിയിരിക്കുന്നത് പിന്നീട് വലിയ ചര്‍ച്ചയായി. ബൗണ്ടറി റോപ്പ് യഥാര്‍ത്ഥ സ്ഥാനത്തായിരുന്നെങ്കില്‍ അത് സിക്സ് ആവുമായിരുന്നുവെന്നും ദക്ഷിണഫ്രിക്ക ഒരുപക്ഷെ ജേതാക്കളാവുമായിരുന്നുവെന്നുമുള്ള ചര്‍ച്ചകളും ആരാണ് ബൗണ്ടറി റോപ്പ് നീക്കിവെച്ചതെന്ന ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മത്സരത്തില്‍ കമന്‍ററി ബോക്സിലുണ്ടായിരുന്ന മുന്‍ ഇന്ത്യൻ താരം അംബാട്ടി റായുഡു.

 

സത്യത്തില്‍ ബൗണ്ടറി റോപ്പ് പിന്നിലേക്ക് തള്ളിയിരുന്നുവെന്നും എന്നാല്‍ അത് ഇത് ഇന്ത്യൻ ടീമിന്‍റെ പിഴവല്ലെന്നും അണ്‍ഫില്‍ട്ടേര്‍ഡ് പോഡ്കാസ്റ്റിൽ അംബാട്ടി റായുഡു പറഞ്ഞു. ഓവറുകളുടെ ഇടവേളയില്‍ മത്സരത്തിന്‍റെ ബ്രോഡ്‌കാസ്റ്റിംഗ് ടീം ബൗണ്ടറിക്ക് സമീപം ഒരു കസേരയിട്ട് അതിന് മുകളില്‍ സ്ക്രീന്‍ വെക്കും. ഗ്രൗണ്ടില്‍ എന്താണ് നടക്കുന്നത് എന്ന് കാണാനാണിത്. ഇതിനായി ബൗണ്ടറി റോപ്പ് അല്‍പം പുറകിലേക്ക് തള്ളി നീക്കുകയായിരുന്നു. അതിനുശേഷം അവര്‍ ബൗണ്ടറി റോപ്പ് തിരിച്ച് യഥാസ്ഥാനത്ത് ആക്കിയതുമില്ല. അങ്ങനെയാണ് ഇന്ത്യക്ക് ബൗണ്ടറിയുടെ വലിപ്പം കൂടി കിട്ടിയത്. 

 

ഇതൊന്നും പക്ഷെ നേരത്തെ പ്ലാൻ ചെയ്ത് സംഭവിച്ച കാര്യങ്ങളല്ല. ബൗണ്ടറി റോപ്പ് യഥാര്‍ത്ഥ സ്ഥാനത്തായിരുന്നെങ്കില്‍ ആ ക്യാച്ച് സിക്സ് ആവുമായിരുന്നോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ എനിക്ക് പറയാനാവില്ല. ഒരുപക്ഷെ അങ്ങനെയാണെങ്കില്‍ സൂര്യകുമാര്‍ കുറച്ചുകൂടി അകത്തുകൂടി ഓടുമായിരിക്കാം. അതെന്തായാലും അന്ന് സൂര്യയെടുത്തത് ക്ലീന്‍ ക്യാച്ചായിരുന്നു. അതില്‍ ഇന്ത്യൻ ടീമിന്‍റെ ഭാഗത്തോ സൂര്യകുമാറിന്‍റെ ഭാഗത്തോ ഒരു തെറ്റുമില്ല. ദൈവം ഇന്ത്യയുടെ കൂടെയായിരുന്നുവെന്നെ എനിക്ക് പറയാനാവു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍