ഇന്ത്യൻ ടീമില്‍ നിന്ന് തുടര്‍ച്ചയായി അവഗണന, ആഭ്യന്തര ക്രിക്കറ്റില്‍ സെഞ്ചുറിയുമായി വീണ്ടും സര്‍ഫറാസ് ഖാൻ

Published : Aug 18, 2025, 05:15 PM IST
Sarfaraz Khan

Synopsis

ബുച്ചി ബാബു ഇൻവിറ്റേഷനൽ ക്രിക്കറ്റ് ടൂർണമെന്റിൽ തമിഴ്നാടിനെതിരെ മുംബൈക്കായി 92 പന്തിൽ സെഞ്ചുറി നേടി സര്‍ഫറാസ് ഖാന്‍.

മുംബൈ: ഇന്ത്യൻ ടെസ്റ്റ് ടീമില്‍ നിന്ന് തഴയപ്പെട്ടിട്ടും ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം തുടര്‍ന്ന് മുംബൈ താരം സര്‍ഫറാസ് ഖാന്‍. ബുച്ചി ബാബു ഇന്‍വിറ്റേഷനല്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ തമിഴ്നാടിനെതിരെ മുംബൈക്കായി 92 പന്തില്‍ സെഞ്ചുറി നേടിയാണ് സര്‍ഫറാസ് വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചത്. തമിഴ്നാടിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ 98-3 എന്ന സ്കോറില്‍ പതറുമ്പോഴാണ് സര്‍ഫറാസ് ക്രീസിലെത്തിയത്. സുവേദ് പാര്‍ക്കര്‍ക്കൊപ്പം 72 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ സര്‍ഫറാസ് മുംബൈയെ കരകയറ്റി. എന്നാല്‍ ക്യാപ്റ്റൻ ആയുഷ് മാത്രെ(17)യും സര്‍ഫറാസിന്‍റെ സഹോദരന്‍ മുഷീര്‍ ഖാനും(30) വലിയ സ്കോര്‍ നേടാതെ മടങ്ങിയതോടെ മംബൈ വീണ്ടും പ്രതിരോധത്തിലായി.

പിന്നീടായിരുന്നു വെടിക്കെട്ട് ബാറ്റിംഗിലൂടെ സര്‍ഫറാസ് സെഞ്ചുറി തികച്ചത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ 27കാരനായ സര്‍ഫറാസ് സെഞ്ചുറിയുമായി തിളങ്ങിയിരുന്നെങ്കിലും പിന്നാലെ നടന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. അതിനുശേഷം ഐപിഎല്ലിലും ഇടം ലഭിക്കാതിരുന്ന സര്‍ഫറാസ് ഇംഗ്ലണ്ട് എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ 92 റണ്‍സടിച്ച് തിളങ്ങിയെങ്കിലും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലിടം കിട്ടിയില്ല.

 

ഇതിന് പിന്നാലെ 17 കിലോ ശരീരഭാരം കുറച്ച് കൂടുതല്‍ ഫിറ്റായ സര്‍ഫറാസ് വീണ്ടും ഇന്ത്യൻ ടീമില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ഒക്ടോബറില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ ഇടം ലഭിക്കുമെന്നാണ് സര്‍ഫറാസ് പ്രതീക്ഷിക്കുന്നത്. അതിന് മുമ്പ് ദുലീപ് ട്രോഫിയിലും സര്‍ഫറാസ് കളിക്കും. ഇന്ത്യക്കായി ഇതുവരെ ആറ് ടെസ്റ്റുകളില്‍ കളിച്ച സര്‍ഫറാസ് ഒരു സെഞ്ചുറി ഉള്‍പ്പെടെ 37.10 ശരാശരിയില് 371 റണ്‍സ് നേടിയിട്ടുണ്ട്. 55 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 16 സെഞ്ചുറിയും 15 അര്‍ധസെഞ്ചുറിയും അടക്കം 66 റണ്‍സ് ശരാശരിയില്‍ 4685 റണ്‍സും സര്‍ഫറാസിന്‍റെ പേരിലുണ്ട്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര