പൂജാരയുടെ പ്രതിരോധം തകര്‍ത്തത് പത്ത് തവണ; ലിയോണിനൊപ്പം ആന്‍ഡേഴ്‌സണും റെക്കോഡ് ബുക്കില്‍

By Web TeamFirst Published Aug 25, 2021, 6:54 PM IST
Highlights

ഇന്ന് പൂജാരയുടെ മടക്കിയതോടെ ആന്‍ഡേഴ്‌സണിനെ തേടി ഒരു നേട്ടമെത്തി. പൂജാരയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന കാര്യത്തില്‍ ഒന്നാംസ്ഥാനം പങ്കിടുകയാണ് ഇംഗ്ലീഷ് പേസര്‍.
 

ലീഡ്‌സ്: കടുത്ത പ്രതിരോധത്തിന് പേരുകേട്ട താരമാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. അദ്ദേഹത്തെ പുറത്താക്കുക എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പുറത്താക്കുന്നതില്‍ ചില ബൗളര്‍മാര്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്. അതില്‍ ചിലരാണ് ജയിംസ് ആന്‍ഡേഴ്‌സണ്‍, നഥാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ് തുടങ്ങിയര്‍. ഇന്ന് ലീഡ്‌സ് ടെസ്റ്റില്‍ ആന്‍ഡേഴ്‌സണാണ് പൂജാരയെ മടക്കിയത്. ഒരു റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് പൂജാര പോയികൊണ്ടിരിക്കുന്നത്.

ഇന്ന് പൂജാരയുടെ മടക്കിയതോടെ ആന്‍ഡേഴ്‌സണിനെ തേടി ഒരു നേട്ടമെത്തി. പൂജാരയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന കാര്യത്തില്‍ ഒന്നാംസ്ഥാനം പങ്കിടുകയാണ് ഇംഗ്ലീഷ് പേസര്‍. 10 -ാം തവണയാണ് ഇന്ത്യന്‍ താരം ആന്‍ഡേഴ്‌സണിന് മുന്നില്‍ കീഴടങ്ങുന്നത്. ഓസീസ് സ്പിന്നര്‍ ലിയോണിന് മുന്നിലും പൂജാര പത്ത് തവണ വീണിട്ടുണ്ട്. 

ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയയുടെ തന്നെ കമ്മിന്‍സ് മൂന്നാമതും ജോഷ് ഹേസല്‍വുഡ് നാലാം സ്ഥാനത്തുമാണ്. ഏഴ് തവണ ഇന്ത്യയുടെ രണ്ടാം മതിലിനെ പുറത്താക്കാന്‍ കമ്മിന്‍സിന് സാധിച്ചു. ഹേസല്‍വുഡ് ആറ് തവണ പൂജാരയെ മടക്കി. ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടിന് മുന്നില്‍ ആറ് തവണ പൂജാര മുട്ടുമടക്കി. ഇംഗ്ലീഷ് താരങ്ങളായ ജാക്ക് ലീച്ച്, ബെന്‍ സ്റ്റോക്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ക്ക് നാല് തവണ വീതവും പൂജാര വിക്കറ്റ് നല്‍കി.

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഉള്‍പ്പെടെ ഇംഗ്ലണ്ടില്‍ മാത്രം അടുത്തകാലത്ത് ഏഴ് ഇന്നിംഗ്‌സുകളാണ് പൂജാര കളിച്ചത്. ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ താരത്തിനായില്ല. ഉയര്‍ന്ന സ്‌കോര്‍ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 45 റണ്‍സ്. 8, 15 (ന്യൂസിലന്‍ഡിനെതിരെ), 14, 12, 9 എന്നിങ്ങനെയാണ് പൂജാരയുടെ മറ്റുസ്‌കോറുകള്‍.

click me!