ഒറ്റ അര്‍ധസെഞ്ചുറി പോലുമില്ലാതെ 12 ഇന്നിംഗ്‌സുകള്‍, പൂജാര പുറത്തേക്കോ ?

By Web TeamFirst Published Aug 25, 2021, 6:53 PM IST
Highlights

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിലായിരുന്നു പൂജാരയുടെ അവസാന അര്‍ധസെഞ്ചുറി.അതിനുശേഷം കളിച്ച 12 ഇന്നിംഗ്‌സുകളില്‍ 15, 21, 7, 0, 17, 8, 15, 4, 12, 9,45, 1 എന്നിങ്ങനെയാണ് പൂജാരയുടെ സ്‌കോര്‍.

ലീഡ്‌സ്: ലീഡ്‌സ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ബാറ്റിംഗില്‍ ഇന്ത്യയുടെ വന്‍മതിലായ ചേതേശ്വര്‍ പൂജാരയുടെ വിധിയെഴുതുമോ. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലെ പരാജയത്തിന് പിന്നാലെ മൂന്നാം ടെസ്റ്റില്‍ പൂജാരക്ക് പകരം സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് മൂന്നാം ടെസ്റ്റിലും പൂജാരയെ നിലനിര്‍ത്തിയിരുന്നു.

എന്നാല്‍ ലീഡ്‌സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്ണെടുത്ത് പുറത്തായതോടെ ഇന്ത്യന്‍ ടീമില്‍ പൂജാരയുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന വിലയിരുത്തലിലാണ് ആരാധകര്‍. അവസാന കളിച്ച 12 ഇന്നിംഗ്‌സില്‍ ഒറ്റ അര്‍ധസെഞ്ചുറി പോലും നേടാന്‍ പൂജാരക്ക് കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിലായിരുന്നു പൂജാരയുടെ അവസാന അര്‍ധസെഞ്ചുറി.

അതിനുശേഷം കളിച്ച 12 ഇന്നിംഗ്‌സുകളില്‍ 15, 21, 7, 0, 17, 8, 15, 4, 12, 9,45, 1 എന്നിങ്ങനെയാണ് പൂജാരയുടെ സ്‌കോര്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരു സെഞ്ചുറി പോലും നേടാനും പൂജാരക്ക് ആയിട്ടില്ല. ലോര്‍ഡസ് ടെസ്റ്റില്‍ അജിങ്ക്യാ രഹാനെക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാനായെങ്കിലും 206 പന്തില്‍ 45 റണ്‍സൈടുത്ത പൂജാരയുടെ ഒച്ചിഴയും ഇന്നിംഗ്‌സും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുന്താണായ പൂജാരക്ക് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന പരമ്പരയിലും തിളങ്ങാനായിരുന്നില്ല. ഇപ്പോഴിതാ ഇംഗ്ലണ്ടിലും തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ നാലാം ടെസ്റ്റില്‍ പൂജാര പുറത്തിരിക്കേണ്ടിവരുമെന്നാണ് ആരാധകര്‍ കരുതുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!