'നൈസായിട്ട് ഒഴിവാക്കാന്‍ നോക്കല്ലേ, കോലിയെ ട്വന്‍റി 20 ലോകകപ്പ് കളിപ്പിക്കണം'; കട്ട സപ്പോര്‍ട്ടുമായി കുംബ്ലെ

By Web TeamFirst Published Mar 12, 2024, 8:01 PM IST
Highlights

വിരാട് കോലി ട്വന്‍റി 20 ലോകകപ്പ് കളിക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ കുംബ്ലെ രംഗത്ത്, ഇതിനുള്ള കാരണം കുംബ്ലെ വിശദമാക്കുന്നുണ്ട് 

മുംബൈ: വരാനിരിക്കുന്ന ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള സ്ക്വാഡില്‍ ടീം ഇന്ത്യ ഇതിഹാസ ബാറ്റര്‍ വിരാട് കോലിയെ ഉള്‍പ്പെടുത്തിയേക്കില്ല എന്ന സൂചന ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ കോലിയെ ലോകകപ്പ് കളിപ്പിക്കണം എന്ന ശക്തമായ ആവശ്യമുയര്‍ത്തി പരോക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസവും പരിശീലകനുമായിരുന്നു അനില്‍ കുംബ്ലെ. ഐപിഎല്ലില്‍ കുംബ്ലെയുടെ ക്യാപ്റ്റന്‍സിയില്‍ ആര്‍സിബിയില്‍ കളിച്ച താരം കൂടിയാണ് കോലി. 

'വിരാട് കോലി സ്ഥിരതയുള്ള താരമാണ്. ഞാന്‍ ആര്‍സിബിയുടെ ഭാഗമായിരുന്നപ്പോള്‍ കോലിയുടെ കളി നേരിട്ട് കണ്ടതാണ്. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് നേടിയ ശേഷം ആര്‍സിബിയിലാണ് കോലി ടി20 കരിയര്‍ ആരംഭിച്ചത്. അവിടം മുതല്‍ കോലിയുടെ ഫിറ്റ്നസ് വളര്‍ച്ചയും കളിയോടുള്ള സമീപനവും വൈറ്റ് ബോള്‍ ക്രിക്കറ്റിലെ പ്രകടനവും നമ്മള്‍ കണ്ടതാണ്. ടെസ്റ്റില്‍ കോലി ഇതിഹാസമാണ് എന്ന് നമുക്കറിയാം. രാജ്യാന്തര ട്വന്‍റി 20യിലെ കോലിയുടെ സ്ഥിരത അവിശ്വസനീയമാണ്. കോലി മൈതാനത്ത് കൊണ്ടുവരുന്ന അഗ്രഷനും സമീപനവും ടീമിനെ സഹായിക്കുന്നുണ്ട്. സമകാലിക ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളാണ് കോലി എന്ന് ഞാനുറക്കെ പറയും. അത്രയും കഴിവുള്ള ഒരു താരം ടീമിലുള്ളപ്പോള്‍ അയാളില്‍ നിന്ന് എപ്പോഴും ഏറ്റവും മികച്ച പ്രകടനം ആവശ്യപ്പെടുകയാണ് ടീം വേണ്ടത്' എന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു. 

രാജ്യാന്തര ട്വന്‍റി 20യില്‍ അഫ്‌ഗാനിസ്ഥാനെതിരെയാണ് വിരാട് കോലി അവസാനമായി കളിച്ചത്. 0, 29 എന്നിങ്ങനെയായിരുന്നു അന്ന് കോലിയുടെ സ്കോറുകള്‍. വെസ്റ്റ് ഇന്‍ഡീസിലെയും അമേരിക്കയിലേയും സ്ലോ പിച്ചുകള്‍ കോലിയുടെ ശൈലിക്ക് ഉചിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തെ ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആലോചനകള്‍ നടക്കുന്നത് എന്നാണ് വിവിധ മാധ്യമ വാര്‍ത്തകള്‍ പറയുന്നത്. ഇംഗ്ലണ്ടിനെതിരെ അടുത്തിടെ അവസാനിച്ച അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കളിക്കാതിരുന്ന കോലി ഐപിഎല്‍ 2024ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ച് മൈതാനത്ത് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.  

Read more: തുള്ളിവെള്ളമില്ലാതെ ബെംഗളൂരു; ചിന്നസ്വാമി സ്റ്റേഡിയം എങ്ങനെ നനയ്ക്കും, ഐപിഎല്‍ മത്സരങ്ങള്‍ മാറ്റുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!