Asianet News MalayalamAsianet News Malayalam

തുള്ളിവെള്ളമില്ലാതെ ബെംഗളൂരു; ചിന്നസ്വാമി സ്റ്റേഡിയം എങ്ങനെ നനയ്ക്കും, ഐപിഎല്‍ മത്സരങ്ങള്‍ മാറ്റുമോ?

മാര്‍ച്ച് 25 മുതലാണ് ഐപിഎല്‍ 2024 സീസണിലെ മത്സരങ്ങള്‍ക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം വേദിയാവുന്നത്

Water crisis in Bengaluru not now a threat to hosting IPL 2024 matches of RCB here is why
Author
First Published Mar 12, 2024, 6:52 PM IST

ബെംഗളൂരു: ഇന്ത്യയുടെ ഉദ്യാനനഗരിയായ ബെംഗളൂരു രൂക്ഷമായ ജലക്ഷാമം നേരിടുകയാണ്. ഐടി നഗരം എന്ന വിശേഷണം കൂടിയുള്ള ബെംഗളൂരുവിലെ കമ്പനികള്‍ ജോലിക്കാരെ നിര്‍ബന്ധിത വര്‍ക്ക്‌ഫ്രം ഹോമിന് അയക്കുകയാണ്. ഈ അസാധാരണ സാഹചര്യത്തിനിടെയാണ് ഐപിഎല്‍ 2024 സീസണിലെ മത്സരങ്ങള്‍ക്ക് ബെംഗളൂരു വേദിയാവാന്‍ പോകുന്നത്. ഒരിറ്റ് കുടിവെള്ളമില്ലാതെ ബെംഗളൂരു നിവാസികള്‍ പ്രയാസപ്പെടുമ്പോള്‍ പക്ഷേ ഐപിഎല്‍ മത്സരങ്ങളുടെ നടത്തിപ്പ് കാര്യത്തില്‍ വലിയ ആത്മവിശ്വാസത്തിലാണ് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍. 

മാര്‍ച്ച് 25 മുതലാണ് ഐപിഎല്‍ 2024 സീസണിലെ മത്സരങ്ങള്‍ക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം വേദിയാവുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്റ്റേഡിയം. നിലവില്‍ ബെംഗളൂരു നഗരത്തെ പ്രതിസന്ധിയിലാഴ്‌ത്തിയിരിക്കുന്ന ജലക്ഷാമം ഐപിഎല്ലിനെ ബാധിക്കില്ല എന്ന കണക്കുകൂട്ടലിലാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍. 'നിലവില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ യാതൊരു പ്രയാസങ്ങളുമില്ല. ജല ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അവ പാലിക്കാന്‍ കൃത്യമായ നടപടിക്രമങ്ങള്‍ പിന്തുടരുന്നുണ്ട്' എന്നുമാണ് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞത്. 

മഹാനഗരം കടുത്ത ജലദൗര്‍ലഭ്യം നേരിടുകയാണെങ്കിലും ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാര്യങ്ങള്‍ മുറയ്‌ക്ക് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റേഡിയത്തിലെ വെള്ളം പുനരുപയോഗം ചെയ്യാനുള്ള പ്ലാന്‍റ് ചിന്നസ്വാമിയില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുണ്ട്. ഇത് ഉപയോഗിച്ചാണ് പിച്ചും ഔട്ട്‌ഫീല്‍ഡും നനയ്ക്കുന്നത്. അതിനാല്‍ സ്റ്റേഡിയം നനയ്ക്കാന്‍ മറ്റ് ജലമാര്‍ഗങ്ങള്‍ തേടേണ്ട സാഹചര്യം വരില്ല എന്നാണ് അസോസിയേഷന്‍ കരുതുന്നത്. ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിലെ മത്സരങ്ങള്‍ തടസപ്പെടുമോ എന്ന ആശങ്കയുള്ളതിനാല്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമായി നിരന്തര സമ്പര്‍ക്കത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫ്രാഞ്ചൈസി. 

ജലക്ഷാമം രൂക്ഷമായതോടെ വെള്ളത്തിന്‍റെ ദുരുപയോഗം തടയാൻ പിഴ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളാണ് ബെംഗളൂരു നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങള്‍ കഴുകുന്നതിനും ചെടികള്‍ നനയ്ക്കുന്നതിനും ഉള്‍പ്പടെ കര്‍ശന നിയന്ത്രണങ്ങളാണ് നഗരത്തില്‍ നിലവിലുള്ളത്. മണ്‍സൂണ്‍ മഴയില്‍ ഗണ്യമായ കുറവ് വന്നതാണ് കര്‍ണാടകയിലെ ഏറ്റവും വലിയ നഗരമായ ബെംഗളൂരുവിനെ കടുത്ത ജലക്ഷാമത്തിലേക്ക് തള്ളിവിട്ടത്. 

Read more: സഞ്ജുപ്പടയ്‌ക്ക് സ്‌പെഷ്യല്‍ പിങ്ക് ജേഴ്‌സി, നിറയെ വരകളും കുറികളും; ഓരോന്നിനും സവിശേഷ അര്‍ഥം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios