
മുംബൈ: ഐപിഎല്‍ 2025 സീസണിന് മുന്നോടിയായി കിരീടം ചൂടിച്ച നായകന്‍ ശ്രേയസ് അയ്യറെയും ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെയും ഒഴിവാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ. പ്രധാന താരങ്ങളെ നിലനിര്‍ത്തുന്നതില്‍ ഫ്രാഞ്ചൈസി കാണിച്ച അസ്ഥിരത അവരുടെ പ്രകടനത്തെ ബാധിച്ചതായി കുംബ്ലെ ചൂണ്ടിക്കാട്ടി. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുംബ്ലെയുടെ വാക്കുകള്‍... ''2024ല്‍ കെകെആര്‍ തങ്ങളുടെ മൂന്നാം കിരീടം നേടിയപ്പോള്‍ ശ്രേയസ് അയ്യരും ഫില്‍ സാള്‍ട്ടും ആ വിജയത്തിന്റെ പ്രധാന ചാലകശക്തികളായിരുന്നു. എന്നാല്‍ അവരെ രണ്ടുപേരെയും ടീം ഒഴിവാക്കി. താരങ്ങളെ നിലനിര്‍ത്തുന്ന കാര്യത്തില്‍ കെകെആറിന് ഒരു സ്ഥിരതയുമില്ല. ഒരു ഐപിഎല്‍ ജേതാവായ ക്യാപ്റ്റനെ കൈവിട്ടതിലൂടെ അവര്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്.'' കുംബ്ലെ പറഞ്ഞു. നിലവിലെ നായകന്‍ അജിന്‍ക്യ രഹാനെയുടെ പരിചയസമ്പത്തിനെ മാനിക്കുമ്പോഴും കിരീടം നേടിയ ഒരു നായകന്റെ അഭാവം ടീമില്‍ പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രഹാനെയ്ക്ക് ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും നായകനായി പരിചയമുണ്ടെങ്കിലും ഒരു ഐപിഎല്‍ കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് കുംബ്ലെ ഓര്‍മ്മിപ്പിച്ചു.
കുംബ്ലൈ തുടര്‍ന്നു... ''ഒരു ഫ്രാഞ്ചൈസിയില്‍ നിന്ന് മറ്റൊരു ടീമിലെത്തി അവിടെയും വിജയം ആവര്‍ത്തിക്കുക എന്നത് എളുപ്പമല്ല. അവിടുത്തെ മാനേജ്‌മെന്റും സാഹചര്യങ്ങളും സമ്മര്‍ദ്ദവും തീര്‍ത്തും വ്യത്യസ്തമായിരിക്കും. എന്നാല്‍ ശ്രേയസ് അത് മനോഹരമായി കൈകാര്യം ചെയ്തു.'' കുംബ്ലെ വ്യക്തമാക്കി. പ്രധാന താരങ്ങളെ ചേര്‍ത്തുപിടിച്ചാല്‍ മാത്രമേ കെകെആറിന് ഇനി കിരീടപ്രതീക്ഷയുള്ള ടീമായി തുടരാന്‍ സാധിക്കൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ടതിന് ശേഷം പഞ്ചാബ് കിങ്സില്‍ ചേര്‍ന്ന ശ്രേയസ് അയ്യര്‍, ആദ്യ സീസണില്‍ തന്നെ അവരെ ഫൈനലിലേക്ക് നയിച്ചിരുന്നു. ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷമാണ് പഞ്ചാബ് ഐപിഎല്‍ ഫൈനലില്‍ എത്തിയത്. ശ്രേയസിന്റെ ഈ മികവിനെ കുംബ്ലെ വാനോളം പുകഴ്ത്തി. നായകനെന്ന നിലയിലെഐപിഎല്‍ ചരിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഫൈനലുകളില്‍ ടീമുകളെ നയിച്ച അപൂര്‍വ്വ നേട്ടം ശ്രേയസിനുണ്ട്. 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ റണ്ണേഴ്‌സ് അപ്പാക്കി. 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ചു. 2025ല്‍ പഞ്ചാബ് കിങ്സിനെ ഫൈനലില്‍ എത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!