ഒളിംപിക് ഫുട്‌ബോള്‍: ഫ്രാന്‍സും അര്‍ജന്റീനയും തകര്‍ന്നു, സൂപ്പര്‍ താരനിരയുമായെത്തിയ സ്‌പെയ്‌നിന് സമനില

By Web TeamFirst Published Jul 22, 2021, 6:38 PM IST
Highlights

ഗ്രൂപ്പ് എയില്‍ മെക്‌സിക്കോ ഫ്രാന്‍സിനെ തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ ആതിഥേയരായ ജപ്പാന്‍ ദക്ഷിണാഫ്രിക്കയെ മറികടന്നു. ഗ്രൂപ്പ് ഡിയില്‍ ഐവറി കോസ്റ്റ് സൗദി അറേബ്യയെ തോല്‍പ്പിച്ചു. 

ടോക്യോ: ഒളിംപിക് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് സിയില്‍ ഓസ്‌ട്രേലിയയാണ് ലാറ്റിനമേരിക്കന്‍ കരുത്തരെ മറികടന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഈജിപ്റ്റ് സ്‌പെയ്‌നിനെ ഗോള്‍രഹിത സമനിലയില്‍ തളിച്ചു. ഗ്രൂപ്പ് എയില്‍ മെക്‌സിക്കോ ഫ്രാന്‍സിനെ തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ ആതിഥേയരായ ജപ്പാന്‍ ദക്ഷിണാഫ്രിക്കയെ മറികടന്നു. ഗ്രൂപ്പ് ഡിയില്‍ ഐവറി കോസ്റ്റ് സൗദി അറേബ്യയെ തോല്‍പ്പിച്ചു. 

ഓസ്‌ട്രേലിയ എതിരില്ലാത്ത രണ്ട് ഗോളിന് അര്‍ജന്റീനയെ തകര്‍ക്കുകയായിരുന്നു. 14-ാം മിനിറ്റില്‍ ലക്ലാന്‍ വെയ്ല്‍സിലൂടെ ഓസീസ് മുന്നിലെത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് അര്‍ജന്റൈന്‍ താരം ഫ്രാന്‍സിസ്‌കോ ഒര്‍ട്ടേഗ ചുവപ്പുകാര്‍ഡുമായി പുറത്തായത് വിനയായി. 80-ാം മിനിറ്റില്‍ മാര്‍കോ ടിലിയോയൂടെ ഗോളിലൂടെ ഓസ്‌ട്രേലിയ വിജയമുറപ്പിച്ചു.

മികച്ച ടീമുമായി ഒളിംപിക്‌സിനെത്തിയ സ്‌പെയ്‌നിനെ ഈജിപ്റ്റ് ഗോള്‍രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു. രണ്ട് താരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാഴ്സലോണയുടെ ഓസ്‌കര്‍ മിന്‍ഗ്വേസ, റയല്‍ മാഡ്രിഡ് താരം ഡാനി കബല്ലോസ് എന്നിവരാണ് പരിക്കേറ്റ് പുറത്തായത്. യൂറോയില്‍ കളിച്ച ഗോള്‍ കീപ്പര്‍ ഉനൈ സിമോണ്‍, പെഡ്രി, പാവു ടോറസ്, ഡാനി ഓല്‍മോ, ഒയര്‍സബാള്‍ എന്നിവരെല്ലാം സ്പാനിഷ് ടീമിലുണ്ടായിരുന്നു. 

ആഫ്രിക്കന്‍ കരുത്തരായ ഐവറി കോസ്റ്റ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി ആറേബ്യയെ തോല്‍പ്പിച്ചത്. 39-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ഐവറി മുന്നിലെത്തി. എന്നാല്‍ അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം സലേം അല്‍ ദൗസറി സൗദിയെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിലായിരുന്നു ഐവറിയുടെ വിജയഗോള്‍. ഫ്രാങ്ക് കെസ്സിയാണ് ഗോള്‍ നേടിയത്.

ഫ്രാന്‍സിനെതിരെ മെക്‌സിക്കോ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും നേടിയത്. 47-ാം മിനിറ്റില്‍ അലക്‌സിസ് വേഗയിലൂടെ മുന്നിലെത്തി. 54-ാം മിനിറ്റില്‍ സെബാസ്റ്റിയന്‍ കൊര്‍ഡോവ ലീഡുയര്‍ത്തി. 69-ാം മിറ്റില്‍ ആന്ദ്രേ പിയറെ ഗിഗ്നാക്കിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ ഉറില്‍ അന്റുന, എഡ്വേര്‍ഡോ അഗ്വെറൈ എന്നിവര്‍ മെക്‌സിക്കോയുടെ വിജയമുറപ്പിച്ചു. ജപ്പാന്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ദക്ഷിണാഫ്രിക്കയെ മറികടന്നത്.

click me!