ഒരോവറില്‍ അഞ്ച് സിക്‌സുകള്‍; ഐപിഎല്‍ താരലേലത്തിന് മുമ്പ് മിന്നുന്ന പ്രകടനവുമായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

By Web TeamFirst Published Feb 15, 2021, 7:40 AM IST
Highlights

പൊലീസ് ഇന്‍വിറ്റേഷന്‍ ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എംഐജി ക്രിക്കറ്റ് ക്ലബിനായി കളിച്ച അര്‍ജുന്‍ 31 പന്തില്‍ 77 റണ്‍സും മൂന്ന് വിക്കറ്റും സ്വന്തമാക്കി.
 

മുംബൈ: ഐപിഎല്‍ ലേലത്തിന് മുമ്പ് ഫോമിലേക്ക് തിരിച്ചെത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണണമെന്റിലാണ് അര്‍ജുന്‍ കരുത്തറിയിച്ചത്. പൊലീസ് ഇന്‍വിറ്റേഷന്‍ ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എംഐജി ക്രിക്കറ്റ് ക്ലബിനായി കളിച്ച അര്‍ജുന്‍ 31 പന്തില്‍ 77 റണ്‍സും മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഗ്രൂപ്പ് എയില്‍ ഇസ്ലാം ജിംഖാനയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് അര്‍ജുന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം.

അര്‍ജുന്‍ അടക്കമുള്ള താരങ്ങളുടെ പ്രകടനത്തെ തുടര്‍ന്ന് എംഐജി 194 റണ്‍സിന്റെ ജയം സ്വന്തമാക്കി. എട്ട് സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു അര്‍ജുന്റെ ഇന്നിങ്‌സ്. ഓഫ് സ്പിന്നര്‍ ഹാഷിര്‍ ദഫേദാറിനെതിരെ ഒരു ഓവറില്‍ അഞ്ച് സിക്‌സുകളും താരം നേടി. അര്‍ജുന് പുറമെ കെവിന്‍ അല്‍മേഡ (96), പ്രഗ്നേഷ് (112) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. 

്‌ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത എംഐജി 45 ഓവറില്‍  ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സാണ് നേടിയത്. ജിംഖാന 41.5 ഓവറില്‍ 191ന് എല്ലാവരും പുറത്തായി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള മത്സരങ്ങളെല്ലാം നിര്‍ത്തിവച്ചിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആദ്യ ടൂര്‍ണമെന്റാണിത്. 

വരാനിരിക്കുന്ന ഐപിഎല്‍ താര ലേലത്തില്‍ അര്‍ജുന്റെ പേരുമുണ്ട്. 20 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലെ യുവതാരത്തിന്റെ പ്രകടനം മോശമായിരുന്നു. പിന്നാലെ വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് അര്‍ജുനെ ഒഴിവാക്കുകയും ചെയ്തു. എന്തായാലും ഈ പ്രകടനം ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ശ്രദ്ധക്ഷണിക്കും.

click me!