
ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയോടേറ്റ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിലും ഭരണതലത്തിലും വൻ അഴിച്ചുപണിക്ക് സാധ്യത. ഇന്ത്യയോട് 61 റൺസിന് തോറ്റതിന് പിന്നാലെ പാക് സൈനിക മേധാവി ജനറൽ അസിം മുനീർ പ്രധാനമന്ത്രിയോട് അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വിയുടെ ഭാവി ഇതോടെ തുലാസിലായി.
മത്സരത്തിലെ പാകിസ്ഥാന്‍റെ മോശം പ്രകടനം കേവലം ഒരു കായിക പരാജയമായല്ല പാക് സൈന്യം കാണുന്നത്. ടീമിന്‍റെ തയ്യാറെടുപ്പിലുണ്ടായ വീഴ്ചയും പിസിബിയുടെ കെടുകാര്യസ്ഥതയും ജനറൽ അസിം മുനീറിനെ പ്രകോപിപ്പിച്ചതായാണ് വിവരം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ മിലിട്ടറി സെക്രട്ടറി വഴി സൈനിക മേധാവി തന്‍റെ ആശങ്കകൾ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ടീമിന്‍റെ പരാജയത്തിന് പുറമെ, സൈനിക മേധാവിയുടെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതും നഖ്‌വിക്ക് തിരിച്ചടിയായി. ഇന്ത്യയുമായുള്ള മത്സരത്തിന് മുൻപ് ഐസിസിയുമായുള്ള തർക്കത്തിനിടെ, "ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ലെന്നും ഞങ്ങളുടെ ഫീൽഡ് മാർഷൽ അസിം മുനീറിനെ എല്ലാവർക്കും അറിയാമെന്നും" നഖ്‌വി പറഞ്ഞിരുന്നു. സൈന്യത്തിന്‍റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരമൊരു പരാമർശം നടത്തിയത് റാവൽപിണ്ടിയിലെ സൈനിക നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വിക്കെതിരെ മുൻ താരം ഷൊയ്ബ് അക്തറും രംഗത്തെത്തി. നഖ്‌വിക്ക് ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും 'അറിവില്ലാത്തവർക്കും' 'അയോഗ്യർക്കും' ഇത്തരം പദവികൾ നൽകുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കുറ്റമെന്നും അക്തർ ആഞ്ഞടിച്ചു. ഒരു മത്സരമെങ്കിലും ജയിപ്പിക്കാൻ കഴിയാത്ത നഖ്‌വിയെ എന്തിനാണ് സൂപ്പർസ്റ്റാർ ആക്കുന്നതെന്നും അക്തർ ചോദിച്ചു.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം കാണാൻ നഖ്‌വിയും എത്തിയിരുന്നു. എന്നാല്‍, പാകിസ്ഥാൻ ബാറ്റിംഗ് തകർച്ച നേരിട്ടതോടെ പകുതിക്ക് വെച്ച് നഖ്‌വി മടങ്ങി. ഇന്ത്യയോടേറ്റ ദയനീയ തോല്‍വിയോടെ വരും ദിവസങ്ങളിൽ പാക് ക്രിക്കറ്റിൽ നിർണ്ണായകമായ പല തീരുമാനങ്ങളും ഉണ്ടാകുമെന്നാണ് സൂചന. പാകിസ്ഥാനിലെ ആഭ്യന്തര മന്ത്രികൂടിയാണ് നഖ്‌വി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!