
ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിന് പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കാതിരുന്നതിനെക്കുറിച്ച് പ്രതികരിച്ച് ആര്‍ അശ്വിന്‍. അര്‍ഷ്ദീപിന്‍റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് തഴഞ്ഞതില്‍ നിരാശനാവുമായിരുന്നുവെന്ന് അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു. ഗൗതം ഗംഭീര്‍ യുഗത്തില്‍ ഇന്ത്യ ബാറ്റിംഗ് കരുത്തിനും സ്പിന്നര്‍മാര്‍ക്കുമാണ് പ്രാമുഖ്യം നല്‍കുന്നതെന്നും ചാമ്പ്യൻസ് ട്രോഫി മുതല്‍ ഇക്കാര്യ വ്യക്തമാണെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഈ വര്‍ഷം ആദ്യം ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കുമ്പോള്‍ ദുബായിലേത് വരണ്ട പിച്ചായിരുന്നു. അതുകൊണ്ടാണ് ഒരു പേസറെ മാത്രം പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചത് എന്ന് പറയാം. എന്നാലിപ്പോള്‍ അങ്ങനെയല്ല. യുഎഇക്കെതിരെ പോലും ബാറ്റിംഗിന് ആഴം കൂട്ടേണ്ട യാതൊരു ആവശ്യവുമില്ല. അര്‍ഷ്ദീപിന് ആദ്യ മത്സരത്തില്‍ തീര്‍ച്ചയായും അവസരം നല്‍കാമായിരുന്നു. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിന് മുമ്പ് രണ്ട് കാര്യങ്ങളിലാണ് സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും പ്രാധാന്യം നല്‍കുന്നത്.അതില്‍ പ്രധാനം ബാറ്റിംഗ് ഡെപ്ത്ത് ആണ്, പക്ഷെ യുഎഇയെ പോലെ ദുര്‍ബലരായ ഒരു എതിരാളിക്കെതിരെ എക്സ്ട്രാ ബാറ്ററെ കളിപ്പിക്കേണ്ട ആവശ്യമേയില്ലായിരുന്നു. ശിവം ദുബെയെ അഞ്ചാം ബൗളറായി ഉപയോഗിക്കാനാവുമായിരുന്നു.
അതുകൊണ്ട് തന്നെ അര്‍ഷ്ദീപിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ആദ്യ മത്സരത്തില്‍ കളിപ്പിക്കാതിരുന്നതില്‍ തീര്‍ത്തും നിരാശനാവുമായിരുന്നു. ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനാണ് അര്‍ഷ്ദീപ്. കുറച്ചു കാലം മുമ്പ് വരെ ടി20 റാങ്കിംഗില്‍ ഒന്നാമനുമായിരുന്നു. ഇന്ത്യ ജയിച്ച ടി20 ലോകകപ്പിലും മികവ് കാട്ടിയ താരമാണ്. അതുകൊണ്ട് തന്നെ ടീമിലെത്താതിരുന്നതില്‍ അവന്‍ അസ്വസ്ഥനായിരിക്കുമെന്നുറപ്പാണ്. അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഗംഭീര്‍ എങ്ങനെയാണ് ടീമിനെ ഒരുക്കുക എന്നതിന്‍റെ സൂചന കൂടിയാണിത്. കൊല്‍ക്കത്ത മെന്‍ററായിരുന്നപ്പോഴും ഗംഭീര്‍ സ്പിന്നര്‍മാരെ പിന്തുണക്കുന്നയാളായിരുന്നു. ഇന്ത്യൻ ടീമിലും അതേ നയമാണ് അദ്ദേഹം നടപ്പാക്കുന്നതെന്നും അശ്വിന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക