
ദുബായ്: ഏഷ്യാ കപ്പില്‍ ഞായറാഴ്ച മടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകളില്‍ കുറവ് വരുത്തി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഗ്യാലറി ടിക്കറ്റുകള്‍ക്കുള്ള നിരക്കിലാണ് കുറവു വരുത്തിയത്. 475 ദിര്‍ഹമായിരുന്ന(ഏകദേശം 11,420 രൂപ) ഗ്യാലറി ടിക്കറ്റിന് 350 ദിര്‍ഹമായാണ്(8415 രൂപ) കുറച്ചത്. എന്നാല്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സര ടിക്കറ്റിന് ആവശ്യക്കാരില്ലെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാക് മത്സരത്തിനുള്ള ടിക്കറ്റുകള്‍ വില്‍പനക്കെത്തി നാലു മിനിറ്റിനുള്ളില്‍ വിറ്റപുപോയിരുന്നു.
എന്നാല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യ-പാകിസ്ഥാന്‍ മത്സര ടിക്കറ്റുകള്‍ വില്‍പനക്കെത്തി 10 ദിവസമായിട്ടും വിറ്റുപോവാഞ്ഞതാണ് സംഘാടകരെ ആശങ്കയിലാഴ്ത്തിയത്. ഇന്ത്യ-പാക് മത്സരത്തിനുള്ള 50 ശതമാനം ടിക്കറ്റ് പോലും ഇപ്പോഴും വിറ്റുപോയിട്ടില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടിക്കറ്റുകളുടെ ഉയര്‍ന്ന നിരക്കിന് പുറമെ പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണമെന്ന ആവശ്യവും ചില കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. ഇതും ടിക്കറ്റ് വില്‍പന കുറയാന്‍ ഇടയാക്കിയെന്നാണ് സൂചന. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി മത്സരം കളിക്കരുതെന്ന് മുന്‍താരം ഹര്‍ഭജന്‍ സിംഗ് അടക്കം പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
ഏഴ് മത്സരങ്ങളുടെ പാക്കേജായി മാത്രമാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകൾ ആദ്യം ബുക്ക് ചെയ്യാൻ അവസരമുണ്ടായിരുന്നത്. ഇന്ത്യ-പാക് മത്സരം ഉള്‍പ്പെടെ ഏഴ് മത്സരങ്ങളുടെ പാക്കേജ് ടിക്കറ്റിന് 1,400 ദിര്‍ഹം മുതലായിരുന്നു (ഏകദേശം 33,613 രൂപ) നിരക്ക്. ഈ ടിക്കറ്റ് എടുത്താല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് പുറമെ യുഎഇയുടെ മത്സരവും കാണാനാവുമായിരുന്നു. സൂപ്പര്‍ ഫോര്‍ റൗണ്ടിലെ നാല് മത്സരങ്ങളും ഫൈനല്‍ മത്സരവും കാണാനും ഈ പാക്കേജിലൂടെ കഴിയും. ഏഴ് മത്സരങ്ങളടങ്ങിയ പാക്കേജില്‍ ഉള്‍പ്പെടാത്ത മറ്റ് മത്സരങ്ങള്‍ക്ക് പ്രത്യേകം ടിക്കറ്റുകള്‍ വാങ്ങാണമായിരുന്നു. ഇത് ടിക്കറ്റ് വില്‍പനയെ ബാധിച്ചതോടെയാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മാത്രമായുള്ള ടിക്കറ്റുകള്‍ പിന്നീട് ലഭ്യമാക്കിയത്.
സെപ്റ്റംബര്‍ ഒന്‍പതിന് തുടങ്ങിയ ഏഷ്യാ കപ്പില്‍ 28 നാണ് ഫൈനല്‍ പോരാട്ടം. ഞായറാഴ്ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യാ- പാകിസ്ഥാന്‍ പേരാട്ടം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക