
മെല്‍ബണ്‍: നവംബറില്‍ നടക്കാനിരിക്കുന്ന ഓസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പരയില്‍ ജോ റൂട്ട് സെഞ്ചുറി നേടിയില്ലെങ്കില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലൂടെ നഗ്നനായി നടക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. നവംബര്‍ 21നാണ് അഞ്ച് മത്സര ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് പെര്‍ത്തില്‍ തുടങ്ങുന്നത്. ഓസ്ട്രേലിയയില്‍ ഇതുവരെ കളിച്ച 14 ടെസ്റ്റ് മത്സരങ്ങളില്‍ ഒമ്പത് അര്‍ധസെഞ്ചുറികള്‍ അടക്കം 892 റണ്‍സടിച്ചിട്ടുണ്ടെങ്കിലും ജോ റൂട്ടിന് ഓസീസ് മണ്ണില്‍ ഇതുവരെ ഒരു സെഞ്ചുറി പോലും നേടാനായിട്ടില്ല.
ഈ പശ്ചാത്തലത്തിലാണ് ഇത്തവണയും ജോ റൂട്ട് സെഞ്ചുറി അടിച്ചില്ലെങ്കില്‍ എംസിജിയിലൂടെ താന്‍ നഗ്നനായി നടക്കുമെന്ന് യുട്യൂബ് ചാനലായ ഓള്‍ ഓവര്‍ ബാറിന് നല്‍കിയ അഭിമുഖത്തില്‍ ഹെയ്ഡന്‍ പ്രഖ്യാപിച്ചത്. ഹെയ്ഡന്‍റെ പ്രഖ്യാപനത്തിന്‍റെ വീഡിയോ ചാനല്‍ പുറത്തുവിട്ടതോടെ ഹെയ്ഡന്‍റെ മകള്‍ ഗ്രേസ് ഹെയ്ഡന്‍ ഇതിന് താഴെ ജോ റൂട്ടിനോട് ദയവു ചെയ്ത് ഇത്തവണയെങ്കിലും സെഞ്ചുറി നേടണമെന്ന് കമന്‍റ് ചെയ്യുകയും ചെയ്തു. ഓസ്ട്രേലിയക്കെതിരെ ഇതുവരെ 34 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ച ജോ റൂട്ട് 40.46 ശരാശരിയില്‍ 18 അര്‍ധസെഞ്ചുറികളും നാലു സെഞ്ചുറികളും അടക്കം 2428 റണ്‍സ് നേടിയിട്ടുണ്ട്. റൂട്ട് നേടിയ നാലു സെഞ്ചുറികളും ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മിന്നും ഫോമിലുള്ള ജോ റൂട്ട് ടെസ്റ്റ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തിരുന്നു. 158 മത്സരങ്ങളില്‍ നിന്ന് 13543 റണ്‍സടിച്ച റൂട്ട് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റൺവേട്ടക്കാരില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക്(15921) മാത്രം പിന്നിലാണിപ്പോള്‍. നിലവിലെ ഫോം തുടര്‍ന്നാല്‍ വൈകാതെ റൂട്ട് സച്ചിനെ മറികടക്കുമെന്നാണ് കരുതുന്നത്. 39 സെഞ്ചുറികളും ജോ റൂട്ടിന്‍റെ പേരിലുണ്ട്. 2021നുശേഷം കളിച്ച 61 മത്സരങ്ങളില്‍ നിന്ന് 22 സെഞ്ചുറികളും 17 അര്‍ധസെഞ്ചുറികളും അടക്കം 56.63 ശരാശരിയില്‍ 5720 റണ്‍സാണ് റൂട്ട് അടിച്ചെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക