'മിറാക്കിള്‍ ഓഫ് ലീഡ്‌സ്'; സ്റ്റോക്‌സിന്‍റെ ക്ലാസ് സെഞ്ചുറിയില്‍ ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം

By Web TeamFirst Published Aug 25, 2019, 9:04 PM IST
Highlights

ലീഡ്‌സില്‍ സ്റ്റോക്‌സ് അതിഗംഭീര സെഞ്ചുറി നേടിയപ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് അകലെ ജയത്തിലെത്തി. പരമ്പരയില്‍ ഒപ്പത്തിനൊപ്പം(1-1).
 

ലീഡ്‌സ്: കയ്യിലെ സ്റ്റോക്കെല്ലാം സ്റ്റോക്‌സ് പുറത്തെടുത്തപ്പോള്‍ ആഷസ് മൂന്നാം ടെസ്റ്റില്‍ നാലാം ദിനം ഇംഗ്ലണ്ടിന് ഒരു വിക്കറ്റിന്‍റെ അവിശ്വസനീയ ജയം. രണ്ടാം ഇന്നിംഗ്‌സില്‍ 359 റണ്‍സെന്ന ഹിമാലയന്‍  വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ടെസ്റ്റ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും വലിയ ചേസിംഗ് ജയമാണ് നേടിയത്. അവസാനക്കാരന്‍ ജാക്കിനെ കൂട്ടുപിടിച്ച് സെഞ്ചുറി നേടിയ സ്റ്റോക്‌സ് 219 പന്തില്‍ 11 ഫോറുകളും എട്ട് സിക്‌സുകളും സഹിതം 135 റണ്‍സടിച്ചു. സ്‌കോര്‍: ഓസീസ്-179, 246. ഇംഗ്ലണ്ട്-67, 362/9. 

നാലാം ദിനം ജയിക്കാന്‍ 203 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. മൂന്നാം ദിനം 156/3 റണ്‍സെന്ന സ്‌കോറില്‍ കളിനിര്‍ത്തുമ്പോള്‍ 75 റണ്‍സുമായി നായകന്‍ ജോ റൂട്ടും രണ്ട് റണ്‍സോടെ ബെന്‍ സ്റ്റോക്സുമായിരുന്നു ക്രീസില്‍. എന്നാല്‍ നാലാം ദിനം തുടക്കത്തിലെ നായകന്‍ ജോ റൂട്ടിനെ 77ല്‍ നില്‍ക്കേ പുറത്താക്കി ലിയോണ്‍ ഓസ്‌ട്രേലിയക്ക് പ്രതീക്ഷ നല്‍കി. ഇതോടെ ഓസീസ് വ്യക്തമായ മുന്‍തൂക്കം നേടിയെങ്കിലും പിന്നീട് കളി സ്റ്റോക്‌സ് തന്‍റേത് മാത്രമാക്കുന്നതാണ് ലീഡ്‌സില്‍ കണ്ടത്.

ജോണി ബെയര്‍‌സ്റ്റോ(36), ജോസ് ബട്‌ലര്‍(1), ക്രിസ് വോക്‌സ്(1), ജോഫ്ര ആര്‍ച്ചര്‍(15), സ്റ്റുവര്‍ട്ട് ബ്രോഡ്(0) എന്നിവര്‍ക്ക് തിളങ്ങാനാവാതെ വന്നപ്പോള്‍ നെഞ്ചുവിരിച്ച് ബെന്‍ സ്റ്റോക്‌സ് ഒരറ്റത്ത് പൊരുതിനിന്നു. സ്റ്റോക്‌സിന്‍റെ പോരാട്ടം നാലാം ദിനം ഇംഗ്ലണ്ടിന് പ്രതീക്ഷനല്‍കി. ഒന്‍പതാമനായി ബ്രോഡ് പുറത്താകുമ്പോള്‍ 286 റണ്‍സാണ് ഇംഗ്ലീഷ് അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാല്‍ അവസാന വിക്കറ്റില്‍ ജാക്കിനെ കൂട്ടുപിടിച്ച് എട്ടാം ടെസ്റ്റ് ശതകവുമായി സംഹാരതാണ്ഡവമാടി സ്റ്റോക്‌സ്. 

സെഞ്ചുറി പിന്നിട്ടതിന് പിന്നാലെ തുടര്‍ച്ചയായി സിക്‌സറുകള്‍ പറത്തി സ്റ്റോക്‌സ് ഗിയര്‍മാറ്റി. ഇതിനിടെ വിട്ടുകളഞ്ഞ ക്യാച്ചും എല്‍ബിയും സ്റ്റോക്‌സിന് ഭാഗ്യം ചൊരിഞ്ഞപ്പോള്‍ നാലാം ദിനം രണ്ടാം സെഷനിലെ വമ്പന്‍ ട്വിസ്റ്റില്‍ ജയം ഇംഗ്ലണ്ടിന്‍റേതായി. അവസാന വിക്കറ്റില്‍ 76 റണ്‍സാണ് സ്റ്റോക്‌സും ജാക്കും ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. സ്റ്റോക്‌സിനൊപ്പം ജാക്ക് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഹേസല്‍വുഡ് നാലും ലിയോണ്‍ രണ്ടും കമ്മിന്‍സും പാറ്റിന്‍സനും ഓരോ വിക്കറ്റും വീഴ്‌ത്തി. 

click me!