Ashes : ട്രാവിസ് ഹെഡിന് ഏകദിന സ്‌റ്റൈല്‍ സെഞ്ചുറി; ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയ മികച്ച ലീഡിലേക്ക്

By Web TeamFirst Published Dec 9, 2021, 1:46 PM IST
Highlights

ആദ്യ ഇന്നിംഗിസില്‍ ഇംഗ്ലണ്ടിനെ 343 പുറത്താക്കിയ ഓസ്‌ട്രേലിയക്ക് ഇപ്പോള്‍ 196 റണ്‍സ് ലീഡുണ്ട്. ട്രാവിസ് ഹെഡ്  (Travis Head) പുറത്താവാതെ നേടിയ 112 റണ്‍സാണ് ഓസീസിനെ മികച്ച നിലയിലേക്ക് നയിച്ചത്.
 

ബ്രിസ്‌ബേന്‍: ആഷസ് പരമ്പരയിലെ (Ashes) ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ (Australia) മികച്ച ലീഡിലേക്ക്. ബ്രിസ്‌ബേനില്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. ആദ്യ ഇന്നിംഗിസില്‍ ഇംഗ്ലണ്ടിനെ 343 പുറത്താക്കിയ ഓസ്‌ട്രേലിയക്ക് ഇപ്പോള്‍ 196 റണ്‍സ് ലീഡുണ്ട്. ട്രാവിസ് ഹെഡ്  (Travis Head) പുറത്താവാതെ നേടിയ 112 റണ്‍സാണ് ഓസീസിനെ മികച്ച നിലയിലേക്ക് നയിച്ചത്. ഡേവിഡ് വാര്‍ണര്‍ (94), മര്‍നസ് ലബുഷെയ്ന്‍ (74) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഒല്ലി റോബിന്‍സണ്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

മാര്‍കസ് ഹാരിസിന്റെ (3) വിക്കറ്റാണ് ആതിഥേയര്‍ക്ക് ഇന്ന് ആദ്യം നഷ്ടമായത്. ഒല്ലി റോബിന്‍സണായിരുന്നു വിക്കറ്റ്. പിന്നാലെ വാര്‍ണര്‍- ലബുഷെയ്ന്‍ ഓസീസിന് തുണയായി. ഇരുവരും 156 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജാക്ക് ലീച്ചിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് ലബുഷെയ്ന്‍ പുറത്തായി.  

നാലാമനായി ക്രീസിലെത്തിയ സ്റ്റീവന്‍ സ്മിത്ത് (12) നിരാശപ്പെടുത്തി. മാര്‍ക്ക് വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് സ്മിത്ത് മടങ്ങിയത്. അടുത്തടുത്ത പന്തുകളില്‍ വാര്‍ണറും കാമറൂണ്‍ ഗ്രീനും (0) മടങ്ങിയതോടെ ഓസീസ് അഞ്ചിന് 195 എന്ന നിലയിലായി. അല്‍പനേരം ചെറുത്തുനിന്ന അലക്‌സ് ക്യാരി (12) ക്രിസ് വോക്‌സിന് മുന്നില്‍ കീഴടങ്ങി. 

ഈ സമയത്തെല്ലാം ട്രാവിസ് ഹെഡ് ക്രീസില്‍ ഉറച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ (12) സാക്ഷിയാക്കി താരം ആക്രമിച്ച് കളിച്ചു. ഇരുവരും  70 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതില്‍  58 റണ്‍സും ഹെഡിന്റെ സംഭാവനയായിരുന്നു. കമ്മിന്‍സിന് റൂട്ട് മടക്കി. അധികം വൈകാതെ ഹെഡ് സെഞ്ചുറി പൂര്‍ത്തിയാക്കി. 

ഇതുവരെ 95 പന്ത് നേരിട്ട ഹെഡ് രണ്ട് സിക്‌സും 12 ഫോറും പായിച്ചു. ആഷസില്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത്. കരിയറിലെ നാലമത്തേയും. റോബിന്‍സണ് പുറമെ ക്രിസ് വോക്‌സ്, മാര്‍ക് വുഡ്, ജാക്ക് ലീച്ച്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

click me!