Ashes : ഇക്കാലത്ത് ഏതെങ്കിലും ടീം 100ന് താഴെ പുറത്താവുമോ? വോണിന്റെ പഴയ ട്വീറ്റില്‍ ട്രോളുമായി വസിം ജാഫര്‍

By Web TeamFirst Published Dec 28, 2021, 1:57 PM IST
Highlights

2019ല്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തില്‍ ഇന്ത്യ 92 റണ്‍സിന് പുറത്തായിരുന്നു. അന്ന് വോണ്‍ പരഹാസവുമായെത്തി. ഇന്നത്തെക്കാലത്ത് 100 റണ്‍സില്‍ താഴെ ഏതെങ്കിലും ടീം ഓള്‍ ഔട്ടാവുക എന്നത് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു അന്ന് വോണ്‍ പറഞ്ഞത്.

ബംഗളൂരു: മുന്‍ ഇംഗ്ലണ്ട് നായകനും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍ (Michael Vau-ghan) ഇന്ത്യന്‍ ക്രിക്കറ്റിനെ പലപ്പോഴും പരിഹസിക്കാറുണ്ട് ഇന്ത്യന്‍ ആരാധകരാവട്ടെ കണക്കിന് തിരിച്ചുകൊടുക്കാറുണ്ട്. ഇന്ന് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ (Wasim Jaffer), വോണിനെ ഒരു പഴയകാര്യം ഓര്‍മിപ്പിച്ചിരിക്കുകയാണ്. 2019ല്‍ സംഭവമാണ് ജാഫര്‍ ഓര്‍ത്തെടുക്കുന്നത്. 

2019ല്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തില്‍ ഇന്ത്യ 92 റണ്‍സിന് പുറത്തായിരുന്നു. അന്ന് വോണ്‍ പരഹാസവുമായെത്തി. ഇന്നത്തെക്കാലത്ത് 100 റണ്‍സില്‍ താഴെ ഏതെങ്കിലും ടീം ഓള്‍ ഔട്ടാവുക എന്നത് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു അന്ന് വോണ്‍ പറഞ്ഞത്. ഇതിനുള്ള മറുപടിയാണ് ജാഫര്‍ ഇന്ന് നല്‍കിയിരിക്കുന്നത്. 

ആഷസില്‍ മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 68ന് പുറത്തായതിന് പിന്നാലെയാണ് ജാഫറിന്റെ ട്രോള്‍. ഇംഗ്ലണ്ട് 68ന് പുറത്തായി എന്ന് മാത്രമാണ് ജാഫര്‍ ചെറിയ വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുള്ളത്. കൂടെ വോണിനെ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. വീഡിയോയിലെ സന്ദേശം വോണിനെ കളിയാക്കികൊണ്ടുള്ള ജാഫറിന്റെ ഒരു തംപ്‌സ് അപ്പാണ്.  

England 68 all out 🙈 pic.twitter.com/lctSBLOsZK

— Wasim Jaffer (@WasimJaffer14)

നേരത്തെ, അയര്‍ലന്‍ഡിനെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇംഗ്ലണ്ട് 85 റണ്‍സിന് ഓള്‍ ഔട്ടായപ്പോഴും ഇന്ത്യന്‍ ആരാധകര്‍ പഴയ ട്വീറ്റ് വോണിനെ ഓര്‍മിപ്പിച്ചിരുന്നു. ഇന്നത്തെക്കാലത്ത് ഏതെങ്കിലും ടീം 100 റണ്‍സില്‍ താഴെ ഓള്‍ ഔട്ടാവുമോയെന്ന് ആരാധകര്‍ അങ്ങോട്ട് ചോദിച്ചിരുന്നു. 

മെല്‍ബണ്‍ ടെസ്റ്റില്‍ ദയനീയ പ്രകടനമായിരുന്നു ഇംഗ്ലണ്ടിന്റേത്. സ്‌കോട്ട് ബോളണ്ടിന്റെ  ആറ് വിക്കറ്റ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയ സന്ദര്‍ശകരെ 68ന് പുറത്താക്കി. മെല്‍ബണില്‍ ഇന്നിംഗ്‌സിനും 14 റണ്‍സിനുമാണ് ഓസീസ് ജയിച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട് 185 & 68, ഓസ്‌ട്രേലിയ 267. പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ഓസ്‌ട്രേലിയ സ്വന്തമാക്കുകയായിരുന്നു. ഇതോടെ ആഷസ് കിരീടവും ഓസ്‌ട്രേലിയ സ്വന്തമാക്കി. 

 

click me!