
ചെന്നൈ: വിരാട് കോലിക്ക് ഇനിയും ഒന്നോ രണ്ടോ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റ് ബാക്കിയുണ്ടെന്നും അദ്ദേഹം തുടര്‍ന്നും കളിക്കണമായിരുന്നുവെന്നും മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. തിങ്കളാഴ്ച്ചയാണ് കോലി ടെസ്റ്റ് ക്രിക്കറ്റിന് വിരാമമിട്ടത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ കോലി 123 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 46.85 ശരാശരിയില്‍ 30 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 9,230 റണ്‍സാണ് നേടിയത്. ക്യാപ്റ്റനെന്ന നിലയില്‍, അദ്ദേഹം ഇന്ത്യയെ ടെസ്റ്റ് റാങ്കിംല്‍ ഒന്നാം സ്ഥാനത്തേക്ക് നയിച്ചിരുന്നു. 2018-19 ല്‍ ഓസ്ട്രേലിയയില്‍ ചരിത്രപരമായ പരമ്പര വിജയം കോലിക്ക് കീഴില്‍ ഇന്ത്യ നേടി.
കോലിയുടെ വിരമിക്കല്‍ തീരുമാനത്തിന് പിന്നാലെ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ അശ്വിന്‍. അശ്വിന്റെ വാക്കുകള്‍... ''മറ്റുള്ളവരില്‍ നിന്ന് കോലിയെ വേറിട്ട് നിര്‍ത്തിയത് അദ്ദേഹത്തിന്റെ ഊര്‍ജസ്വലതയാണ്. അത് ബാറ്റിംഗ് ആകട്ടെ, ക്യാപ്റ്റന്‍സി ആകട്ടെ, ഫീല്‍ഡിംഗ് ആകട്ടെ എത്താ മേഖലയിലും അദ്ദേഹം ഒരു പടി മുന്നിലാണ്. രാവിലെ എന്താണ് കഴിക്കുന്നതെന്ന് ഞാന്‍ കോലിയോട് ചോദിക്കാന്‍ ആഗ്രഹിക്കാറുണ്ട്.'' അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
കോലിയുടെ ഏറ്റവും വലിയ ശക്തിയായിരുന്ന ഊര്‍ജസ്വലതയെ കുറിച്ചും അശ്വിന്‍ സംസാരിച്ചു. ''കോലിക്ക് ഇനിയും ഒന്നോ രണ്ടോ വര്‍ഷം കൂടി ടെസ്റ്റ് ബാക്കിയുണ്ടായിരുന്നു. ഓരോ മിനിറ്റിലും പൂര്‍ണ വേഗതയില്‍ പ്രവര്‍ത്തിക്കാനുള്ള മാനസിക ശേഷി ബാക്കിയില്ലെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം.'' അശ്വിന്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ബാറ്റിംഗ് ഫോം തിരിച്ചുപിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതുകൊണ്ടാവും വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതെന്ന് മുന്‍ താരം മുഹമ്മദ് കൈഫ്. ഇംഗ്ലണ്ട് പര്യടനത്തില്‍ കോലി കളിക്കണമെ മികച്ച പ്രകടനത്തോടെ കരിയര്‍ അവസാനിപ്പിക്കണമെന്നുമാണ് താന്‍ ആഗ്രഹിച്ചതെന്നും കൈഫ് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റില്‍ പോരാട്ട വീര്യത്തിന്റെ മുഖമായിരുന്നു വിരാട് കോലി. വേദികളും എതിരാളികളെയും നോക്കാതെ ജയത്തിനായി മാത്രം ബാറ്റുവീശിയ പോരാളി. റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മുന്നേറുമെന്ന് പ്രതീക്ഷിച്ചിരിക്കെ കോലിക്ക് ബാറ്റിംഗിലെ താളം നഷ്ടമായത് അപ്രതീക്ഷിതമായി. ന്യൂസീലന്‍ഡിന് എതിരായ ഹോം സീരീസില്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പതറിയ കോലി ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പേസര്‍മാര്‍ക്ക് മുന്നിലും കീഴടങ്ങി.
പെര്‍ത്തില്‍ സെഞ്ച്വറി നേടിയെങ്കിലും ഗതിമാറുന്ന വേഗപന്തുകള്‍ക്ക് മറുപടി നല്‍കാന്‍ കോലി പ്രയാസപ്പെട്ടു. പത്ത് ഇന്നിംഗ്‌സില്‍ എട്ടിലും പുറത്തായത് സ്ലിപ്പില്‍ ക്യാച്ച് നല്‍കി. റെഡ് ബോള്‍ ക്രിക്കറ്റിലെ ഫോം വീണ്ടെടുക്കാന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫിയില്‍ ബാറ്റുവീശിയെങ്കിലും രക്ഷയുണ്ടായില്ല. ഈ നിസഹായവസ്ഥയാവും കോലിയെ വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് കൈഫിന്റെ വിലയിരുത്തല്‍.