
മുംബൈ: ക്രിക്കറ്റിൽ ബൗളർ പന്ത് കൈവിടും മുമ്പെ റണ്ണിനായി നോൺ സ്ട്രൈക്കിംഗ് എൻഡിലെ ക്രീസ് വിടുന്ന ബാറ്റ്സ്മാനെ നിലയ്ക്കു നിർത്താൻ മങ്കാദിംഗിന് പകരം പുതിയ ആശയം മുന്നോട്ടുവെച്ച് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഐ പി എല്ലിൽ മുമ്പ് രാജസ്ഥാൻ റോയൽസ് താരമായ ജോസ് ബട്ലറെ മങ്കാദിംഗിലൂടെ അശ്വിൻ പുറത്താക്കിയത് വലിയ വിവാദമായിരുന്നു. ക്രിക്കറ്റിൽ വരുത്തേണ്ട നിയമപരിഷ്കാരങ്ങളെക്കുറിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യത്തിന് മറുപടിയായാണ് മങ്കാദിംഗിലെ പരിഷ്കാരത്തെക്കുറിച്ച് അശ്വിൻ മറുപടി നൽകിയത്.
ബൗളർ പന്ത് കൈവിടും മുമ്പ് നോൺ സ്ട്രൈക്കർ ക്രീസ് വിട്ടാൽ അടുത്ത പന്ത് ഫ്രീ ബോളായി അനുവദിക്കണമെന്നും ഫ്രീ ബോളിൽ വിക്കറ്റ് വീണാൽ ബൗളറുടെ ബൗളിംഗ് കണക്കുകളിൽ നിന്നും എതിർ ടീമിന്റെ ടോട്ടലിൽ നിന്നും 10 റൺസ് അധികം കുറക്കണമെന്നും അശ്വിൻ പറയുന്നു. ഫ്രീ ഹിറ്റ് പോലെ വലിയ വിപണനസാധ്യത ഫ്രീ ബോളിനുമുണ്ടെന്നും അശ്വിൻ ചൂണ്ടിക്കാട്ടുന്നു.
അശ്വിന്റെ അഭിപ്രായത്തെ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനും പിന്തുണച്ചിട്ടുണ്ട്. ബൗളർ പന്ത് കൈവിടും മുമ്പെ നോൺ സ്ട്രൈക്കിംഗ് എൻഡിലെ ബാറ്റ്സ്മാൻ റണ്ണിനായി ക്രീസ് വിടുന്നത് തടയാനാണ് മങ്കാദിംഗ് നിലവിലുളളതെങ്കിലും ഇത് അധികം ബൗളർമാരും ഉപയോഗിക്കാറില്ല.
ബാറ്റ്സ്മാനെ താക്കീത് ചെയ്യുക മാത്രമാണ് ബൗളർമാർ ചെയ്യാറുള്ളത്. എന്നാൽ ബൗളർ പന്ത് കൈവിടും മുമ്പെ ക്രീസ് വിടുന്നത് ബാറ്റ്സ്മാന് അധിക ആനുകൂല്യം നൽകുന്നുണ്ടെന്നും ഇത്തരക്കാരെ നിലക്കു നിർത്താൻ മങ്കാദിംഗ് തന്നെയാണ് മാർഗമെന്നുമുള്ള പക്ഷക്കാരനാണ് അശ്വിൻ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!