ഏഷ്യാ കപ്പിൽ ഈമാസം 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശർമ്മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ആരംഭിക്കാന്‍ രണ്ട് ആഴ്‌ച മാത്രമാണ് അവശേഷിക്കുന്നത്. ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായി ടി20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. ശ്രീലങ്കയിലെ പ്രത്യേക രാഷ്‌ട്രീയ സാഹചര്യങ്ങള്‍ കാരണം യുഎഇയിലാണ് മത്സരങ്ങള്‍ നടക്കുക. ഏഷ്യാ കപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ തല്‍സമയം കാണാനുള്ള സൗകര്യങ്ങള്‍ എന്തൊക്കെയെന്ന് മനസിലാക്കാം. 

ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഏഷ്യാ കപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. അതിനാല്‍ത്തന്നെ ഡിസ്‌നി ഹോട്‌സ്റ്റാര്‍ വഴി മത്സരത്തിന്‍റെ ലൈവ് സ്‌ട്രീമിങ്ങുമുണ്ടാകും. മത്സരവേദിയായ യുഎഇ ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റില്‍ ഒഎസ്എന്‍ സ്‌പോര്‍ട്‌സ് വഴിയാണ് മത്സരത്തിന്‍റെ സംപ്രേഷണമുണ്ടാവുക. എല്ലാ ദിവസവും ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരങ്ങള്‍ ആരംഭിക്കുക. 

ഏഷ്യാ കപ്പിൽ ഈമാസം 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശർമ്മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരുടെ തിരിച്ചുവരവിനൊപ്പം സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരാണ് സ്‌ക്വാഡിലിടം പിടിച്ച മറ്റ് താരങ്ങള്‍. ദീപക് ചാഹര്‍, അക്‌സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍ എന്നിവരെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ പേസര്‍മാരായ ജസ്‌പ്രീത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ സ്‌ക്വാഡിലില്ല. 

ഈ മാസം 27ന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ദുബായിയും ഷാര്‍ജയുമാണ് വേദി. അയല്‍ക്കാരായ ഇന്ത്യയും പാക്കിസ്ഥാനും ബി ഗ്രൂപ്പിലാണ്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലുണ്ടാകും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ ടീമുകളാണ് യോഗ്യതാ പോരാട്ടത്തില്‍ മാറ്റുരക്കുന്നത്. ഏഷ്യാ കപ്പിന് ശേഷം മറ്റൊരു ക്രിക്കറ്റ് പൂരവും കൂടി ആരാധകര്‍ക്കുണ്ട്. ഓസ്‌ട്രേലിയയില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി ടി20 ലോകകപ്പ് നടക്കും. 

ഫോമിലല്ലെങ്കിലും കിംഗ് കോലിയെ പാക്കിസ്ഥാന്‍ പേടിക്കണം, കാരണം ഈ റെക്കോര്‍ഡുകള്‍