
ലാഹോര്‍: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ടി20 ലോകകപ്പിന് മുമ്പ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും വാശിയേറിയ മത്സരങ്ങളാവും ഏഷ്യാ കപ്പില്‍ ഇരു ടീമും മുഖാമുഖം വരുന്നത്. ഇരു ടീമുകളുടേയും കരുത്ത് ആരാധകര്‍ ഇതിനകം ചര്‍ച്ച ചെയ്തുതുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം ചേര്‍ന്നിരിക്കുകയാണ് പാക് മുന്‍ പേസര്‍ ആക്വിബ് ജാവേദ്.
മാച്ച് വിന്നര്‍മാരായ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ഇരു ടീമുകള്‍ക്കുമുണ്ട്. എന്നാല്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇരു ടീമുകളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം എന്ന് ആക്വിബ് ജാവേദ് പറയുന്നു. 'ബാറ്റിംഗാണ് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ഇന്ത്യന്‍ ബാറ്റിംഗ് നിര കൂടുതല്‍ പരിചയസമ്പത്തുള്ളതാണ്. രോഹിത് ശര്‍മ്മയെ പോലൊരു താരം ഫോമിലെത്തിയാല്‍ ടീമിനെ ഒറ്റയ്ക്ക് ജയിപ്പിക്കും. അതുപോലെ നിയന്ത്രണത്തോടെ ഫഖര്‍ സമാന് കളിക്കാനായാല്‍ പാക് ടീമിനെയും ജയിപ്പിക്കാനാകും. എന്നാല്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റേയും മധ്യനിരയാണ് പ്രധാന വ്യത്യാസം. ഓള്‍റൗണ്ടറും ഇരു ടീമിനേയും വ്യത്യസ്തമാക്കുന്നു. പാകിസ്ഥാന് ഹാര്‍ദിക് പാണ്ഡ്യയെ പോലൊരു ഓള്‍റൗണ്ടര്‍ പാകിസ്ഥാനില്ല' എന്നും ആക്വിബ് ജാവേദ് പറഞ്ഞു.
പരിക്കിന്‍റെ നീണ്ട ഇടവേള കഴിഞ്ഞ് മടങ്ങിയെത്തിയ ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്‍ 2022ല്‍ ബാറ്റും ബോളും കൊണ്ട് വിസ്‌മയ പ്രകടനമാണ് പുറത്തെടുത്തത്. ഒപ്പം കന്നി സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിന് നായകനായി കിരീടം സമ്മാനിക്കുകയും ചെയ്തു. ടൂര്‍ണമെന്‍റില്‍ 44.27 ശരാശരിയിലും 131.26 സ്‌ട്രൈക്ക് റേറ്റിലും 487 റണ്‍സ് ഹാര്‍ദിക് നേടി. 7.27 ഇക്കോണമിയില്‍ എട്ട് വിക്കറ്റും സ്വന്തമാക്കി. ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 17 റണ്‍സിന് മൂന്ന് വിക്കറ്റുമായി കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഹാര്‍ദിക് പുറത്തെടുത്തിരുന്നു. കലാശപ്പോരില്‍ 30 പന്തില്‍ 34 റണ്‍സെടുത്ത് ബാറ്റിംഗില്‍ ടീമിന് നിര്‍ണായക സംഭാവനയും ഹാര്‍ദിക് പാണ്ഡ്യ നല്‍കി.
യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പില്‍ ഈമാസം 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശർമ്മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരുടെ തിരിച്ചുവരവിനൊപ്പം സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരാണ് സ്‌ക്വാഡിലിടം പിടിച്ച മറ്റ് താരങ്ങള്‍. ദീപക് ചാഹര്‍, അക്‌സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍. ഹാര്‍ദിക്കിന്‍റെ സാന്നിധ്യമാണ് ഇന്ത്യയെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് എന്നാണ് വിലയിരുത്തല്‍.
അയാള്‍ കൂടുതല്‍ ഓവറുകള്‍ ബാറ്റ് ചെയ്‌ത് കാണാന്‍ ആഗ്രഹമുണ്ട്; തുറന്നുപറഞ്ഞ് മുന്‍താരം