
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ നാളെ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തിനുള്ള പ്ലേയിംഗ് ഇലവനെ പാകിസ്ഥാന്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. പ്ലേയിംഗ് ഇലവനെ ടീം മാനേജ്‌മെന്‍റ് ഇതിനകം തീരുമാനിച്ചുകഴിഞ്ഞതായും വൈകിട്ട് ആറിന് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇലവന്‍റെ പ്രഖ്യാപനമുണ്ടാകും എന്ന് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്‌തു.
പാകിസ്ഥാന്‍ ടീമിന്‍റെ നെറ്റ് സെഷന് മുമ്പ് ഇന്ന് വൈകിട്ട് ആറ് മണിക്കാണ് പാക് നായകന്‍റെ വാര്‍ത്താസമ്മേളനം. ഇലവനിലുള്ള പേസര്‍മാര്‍ക്ക് നെറ്റ് സെഷനില്‍ നിന്ന് ഒഴിവ് മാനേജ്‌മെന്‍റ് അനുവദിക്കുമെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. നായകന്‍ ബാബര്‍ അസമിന് പുറമെ മുഹമ്മദ് റിസ്‌വാന്‍, ഫഖര്‍ സമാന്‍, ഇഫ്‌തിഖര്‍ അഹമ്മദ് തുടങ്ങിയ താരങ്ങള്‍ നെറ്റ് സെഷനിലിറങ്ങും. ആസിഫ് അലി, ഖുശ്‌ദില്‍ ഷാ, ഷദാബ് ഖാന്‍ തുടങ്ങിയവര്‍ ഇന്നലെ പവര്‍ ഹിറ്റിംഗ് പ്രാക്‌ടീസ് നടത്തിയിരുന്നു. പരിക്കേറ്റ് പുറത്തായ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിക്ക് പകരക്കാരനായ ഹസന്‍ അലി ഇതിനകം ദുബായില്‍ എത്തിയെന്നും പ്ലേയിംഗ് ഇലവനില്‍ എത്തുമെന്നും സൂചനയുണ്ട്.
ഏഷ്യാ കപ്പില്‍ നാളെ ഞായറാഴ്‌ചയാണ് ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും. പാക് ടീമിന് ഷഹീന്‍ ഷാ അഫ്രീദിയുടെ അഭാവം തിരിച്ചടിയാവും. ആദ്യം സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ തഴയപ്പെട്ടിരുന്ന ഹസന്‍ അലിയുടെ സര്‍പ്രൈസ് എന്‍ട്രി ഷഹീന്‍റെ അഭാവം നികത്തുമോ എന്ന് കണ്ടറിയണം. ഏഷ്യാ കപ്പിൽ 14 തവണ നേർക്കുനേർ വന്നപ്പോൾ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏഷ്യാ കപ്പ് കിരീട നേട്ടത്തിലും പാകിസ്ഥാനേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. 7 തവണ ഇന്ത്യന്‍ ടീം ഏഷ്യാ കപ്പുയര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍റെ നേട്ടം രണ്ട് കിരീടത്തിലൊതുങ്ങി.
ഇന്ത്യ-പാക് ഏഷ്യന്‍ ക്രിക്കറ്റ് ഡര്‍ബി നാളെ; ആരാധകര്‍ അറിയാതെ പോകരുത് ഈ വിവരങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!