ഇന്ത്യക്ക് ജസ്പ്രീത് ബുമ്രയുടെയും പാക് ടീമിന് ഷഹീന്‍ അഫ്രീദിയുടേയും അഭാവം തിരിച്ചടിയാവും
ദുബായ്: ഏഷ്യാ കപ്പില്‍ നാളെ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ സൂപ്പര്‍ പോരാട്ടം. ദുബായില്‍ ഇന്ത്യന്‍സമയം രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ ടി20 ലോകകപ്പിലെ തോല്‍വിക്ക് പകരംവീട്ടാന്‍ ടീം ഇന്ത്യയിറങ്ങുമ്പോള്‍ ദുബായില്‍ ആവേശം വാനോളമുയരും. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയാണ് ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകള്‍. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും സൂര്യകുമാർ യാദവും റിഷഭ് പന്തും അടങ്ങിയ ബാറ്റിംഗ് നിര ശക്തമാണെങ്കിലും വിരാട് കോലിയുടെ ബാറ്റിലേക്കാണ് ആരാധകരുടെ കണ്ണുകളെല്ലാം. ടി20 ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ വിമര്‍ശകര്‍ക്കെല്ലാം ബാറ്റ് കൊണ്ട് മറുപടി നല്‍കേണ്ടതുണ്ട് കിംഗ് കോലിക്ക്.
ഇന്ത്യക്ക് ജസ്പ്രീത് ബുമ്രയുടെയും പാക് ടീമിന് ഷഹീന്‍ അഫ്രീദിയുടേയും അഭാവം തിരിച്ചടിയാവും. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം നടന്ന ഏഴ് ട്വന്‍റി 20 പരമ്പരകളും സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പിന് ഇറങ്ങുന്നത്. ഏഷ്യാ കപ്പിൽ 14 തവണ നേർക്കുനേർ വന്നപ്പോൾ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏഷ്യാ കപ്പ് കിരീട നേട്ടത്തിലും പാകിസ്ഥാനേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. 7 തവണ ഇന്ത്യന്‍ ടീം ഏഷ്യാ കപ്പുയര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍റെ നേട്ടം രണ്ട് കിരീടത്തിലൊതുങ്ങി. ഇക്കുറി ഗ്രൂപ്പ് ഘട്ടത്തിന് പുറമെ സൂപ്പര്‍ ഫോറിലും ഭാഗ്യമുണ്ടെങ്കില്‍ ഫൈനലിലും ഇന്ത്യ-പാക് പോരാട്ടം ആരാധകര്‍ക്ക് നേരിട്ടുകാണാം.
വൈരവും വൈകാരികതയും വേണ്ടെന്ന് രാഹുല്‍
എന്നാല്‍ പാകിസ്ഥാനെതിരായ മത്സരം വൈരത്തോടെയും വൈകാരികമായും കാണേണ്ടതില്ലെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിന്‍റെ നിലപാട്. പാകിസ്ഥാൻ പോലൊരു ടീമിനോട് മത്സരിക്കുന്നത് എന്നും ആവേശകരമായ അനുഭവമാണെന്നും രാഹുൽ പറഞ്ഞു.
പാകിസ്ഥാനെതിരായ മത്സരത്തിൽ ചരിത്രത്തിന് സ്ഥാനമില്ലെന്നാണ് വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ വ്യക്തമാക്കുന്നത്. 'ഓരോ മത്സരവും പുതിയതാണ്. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പിൽ പാകിസ്ഥാൻ ജയിച്ചു. ഇത് നമ്മുടെ അവസരമാണ്. വലിയ ടൂർണമെന്‍റിലേക്ക് മാത്രമായി മത്സരങ്ങൾ ചുരുങ്ങിയതിനാൽ ഓരോ കളിയെയും ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. പരിക്കേറ്റ ഷഹീൻ അഫ്രീദിക്ക് കളിക്കാനാകാത്തത് നിരാശാജനകമാണ്. പരിക്കിൽ നിന്ന് എത്രത്തോളം മുക്തനായെന്ന് മനസിലാക്കാൻ സിംബാബ്‍വെ പര്യടനം സഹായിച്ചിട്ടുണ്ടെന്നും' രാഹുൽ പറഞ്ഞു.
വിരാട് കോലിക്ക് പിന്തുണ
ഫോമില്ലായ്‌മയുടെ പേരില്‍ വിമര്‍ശനം നേരിടുന്ന വിരാട് കോലിക്ക് പിന്നില്‍ ടീം അണിനിരക്കുന്നു എന്ന സൂചനയാണ് രാഹുല്‍ നല്‍കിയത്. 'വിരാട് ഫോമില്‍ തിരിച്ചെത്തണമെന്ന് ഞങ്ങളെല്ലാവരും ആഗ്രഹിക്കുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ പ്രകടനത്തെക്കുറിച്ച് ആശങ്കയില്ല. രാജ്യത്തിനായി കളി ജയിക്കുക എന്ന അദ്ദേഹത്തിന്‍റെ മനോഭാവത്തിലും മാറ്റമൊന്നുമില്ല. വര്‍ഷങ്ങളായി അദ്ദേഹം അത് ചെയ്യുന്നുണ്ട്. കോലി ലോകോത്തര കളിക്കാരനാണ്. ഞങ്ങളാരും പുറത്തുനിന്നുള്ള പ്രസ്താവനകള്‍ക്ക് അധികം പ്രാധാന്യം കൊടുക്കാറില്ല. അപ്പോള്‍ വിരാട് കോലിയെപ്പോലൊരു ലോകോത്തര താരം ഒരിക്കലും അതിനൊന്നും ചെവി കൊടുക്കില്ല' എന്നുമായിരുന്നു രാഹുലിന്‍റെ വാക്കുകള്‍.
ക്രിക്കറ്റ് ചൂടില്‍ യുഎഇ; ഏഷ്യാ കപ്പിന് ഇന്ന് കൊടിയേറ്റം, ശ്രീലങ്കയും അഫ്‌ഗാനും മുഖാമുഖം
