Asianet News MalayalamAsianet News Malayalam

ദുബായില്‍ ഹൈ വോള്‍ട്ടേജ് ഹാര്‍ദിക് പാണ്ഡ്യ, ഇന്ത്യക്ക് ത്രില്ലര്‍ ജയം; ആഘോഷത്തില്‍ ആറാടി ആരാധകര്‍

ആവേശജയത്തില്‍ ഇന്ത്യന്‍ ടീമിനെ വാഴ്‌ത്തിപ്പാടി എല്ലാവരും. ഓള്‍റൗണ്ട് മികവുമായി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യക്കായായിരുന്നു കൂടുതല്‍ കയ്യടി.

Asia Cup 2022 IND vs PAK fans flooded in twitter as India beat Pakistan by 5 wickets of Hardik Pandya heroism
Author
First Published Aug 29, 2022, 8:08 AM IST

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സിക്‌സര്‍ ഫിനിഷിംഗ്, ക്രിക്കറ്റ് ആരാധകരെ അടുത്തകാലത്ത് ഇത്രത്തോളം ത്രസിപ്പിച്ച മുഹൂര്‍ത്തം വേറെയുണ്ടാവില്ല. ബാറ്റും ബോളും കൊണ്ട് ഹാര്‍ദിക് അരങ്ങുവാണ മത്സരത്തില്‍ അയല്‍ക്കാരെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പിലെ ആദ്യ മത്സരം തന്നെ ഗംഭീരമാക്കുകയായിരുന്നു. ഇന്ത്യയുടെ ഹൈ വോള്‍ട്ടേജ് ജയത്തില്‍ വലിയ അഭിനന്ദനപ്രവാഹമാണ് മുന്‍താരങ്ങളിലും ആരാധകരിലും നിന്നുണ്ടായത്. 

ആവേശജയത്തില്‍ ഇന്ത്യന്‍ ടീമിനെ വാഴ്‌ത്തിപ്പാടി എല്ലാവരും. ഓള്‍റൗണ്ട് മികവുമായി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യക്കായായിരുന്നു കൂടുതല്‍ കയ്യടി. ടീം ഇന്ത്യയുടെ എക്‌സ് ഫാക്‌ടറും, ബാലന്‍സ് നിലനിര്‍ത്തുന്ന താരവും പാണ്ഡ്യയാണ് എന്ന് ആരാധകര്‍ പറയുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഭാവി തീരുമാനിക്കുക ഹാര്‍ദിക് പാണ്ഡ്യയായിരിക്കും എന്ന് ആരാധകര്‍ തറപ്പിച്ചുപറയുന്നു. പാകിസ്ഥാന്‍റെ മൂന്ന് വിക്കറ്റ് 25 റണ്‍സിനിടെ കവര്‍ന്ന ഹാര്‍ദിക് പിന്നാലെ ബാറ്റിംഗിലും തിളങ്ങി. ഇന്ത്യ വിജയിക്കുമ്പോള്‍ 17 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 33* റണ്‍സുണ്ടായിരുന്നു പാണ്ഡ്യക്ക്. 

പാകിസ്ഥാന്‍റെ നാല് വിക്കറ്റുകള്‍ പിഴുത സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനായിരുന്നു ആരാധകരുടെ മറ്റൊരു ആശംസാപ്രവാഹം. 26 റണ്‍സിനാണ് ഭുവിയുടെ നാല് വിക്കറ്റ് പ്രകടനം. ബാറ്റിംഗിലേക്ക് വന്നാല്‍ പാണ്ഡ്യയുടെ ഹീറോയിസത്തിന് പുറമെ ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലിയേയും സ്ഥാനക്കയറ്റം കിട്ടി നാലാമനായി ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയേയും പ്രശംസിച്ചു ആരാധകര്‍. കോലി 34 പന്തില്‍ 35ഉം ജഡ്ഡു 29 പന്തില്‍ 35 റണ്‍സെടുത്തിരുന്നു. ആരാധകരുടെയും മുന്‍ താരങ്ങളുടേയും പ്രതികരണങ്ങള്‍ കാണാം. 

മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവില്‍ ഇന്ത്യ അ‌ഞ്ച് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക് ടീം 19.5 ഓവറില്‍ 147 റണ്‍സിന് പുറത്തായി. ഭുവിയുടെ നാലിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്‌ദീപ് സിംഗ് രണ്ടും ആവേശ് ഖാന്‍ ഒന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി. 17 പന്തില്‍  33* റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. നായകന്‍ രോഹിത് ശര്‍മ്മ 12ഉം കെ എല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി. പാക്കിസ്ഥാനായി മുഹമ്മദ് നവാസ് മൂന്നോവറില്‍ 26 റണ്‍സിന് രണ്ടും അരങ്ങേറ്റക്കാരന്‍ നസീം ഷാ നാലോവറില്‍ 27 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു. 

പാകിസ്ഥാനെതിരെ നാല് വിക്കറ്റ് നേട്ടം; ഇര്‍ഫാന്‍ പത്താന്‍റെ റെക്കോര്‍ഡ് എറിഞ്ഞിട്ട് ഭുവനേശ്വര്‍ കുമാര്‍

Latest Videos
Follow Us:
Download App:
  • android
  • ios