ഹാര്‍ദിക് പാണ്ഡ്യ തകര്‍ത്തത് ബാബര്‍ അസമിന്‍റെ ഒരു കാഞ്ഞബുദ്ധി; മത്സര ശേഷം വെളിപ്പെടുത്തല്‍

By Jomit JoseFirst Published Aug 29, 2022, 10:39 AM IST
Highlights

പാളിയത് പാകിസ്ഥാന്‍റെ വമ്പന്‍ തന്ത്രം, മത്സര ശേഷം വെളിപ്പെടുത്തി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് തീപാറും പോരാട്ടത്തില്‍ അവസാന ഓവറിലാണ് ഫലം തീരുമാനമായത്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന ഏഴ് റണ്‍സ് രണ്ട് പന്ത് മാത്രം ബാക്കിനില്‍ക്കേ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയെ അവസാന ഓവറില്‍ സമ്മര്‍ദത്തില്‍ കുരുക്കാനുള്ള തന്ത്രമാണ് പാളിയത് എന്ന് മത്സരശേഷം പാക് നായകന്‍ ബാബര്‍ അസം തുറന്നുസമ്മതിച്ചു. 

'ഞങ്ങള്‍ മികച്ച രീതിയിലാണ് ബൗളിംഗ് ആരംഭിച്ചത്. 10-15 റണ്‍സ് കുറവായിരുന്നു ഞങ്ങള്‍ക്ക്. ബൗളര്‍മാര്‍ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് സമ്മര്‍ദമുണ്ടാക്കാനായിരുന്നു നീക്കം. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ മത്സരം മനോഹരമായി ഫിനിഷ് ചെയ്തു. ഞങ്ങള്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ പരിചയസമ്പത്ത് മിസ് ചെയ്തു. എന്നാല്‍ നസീം ഷാ സാഹചര്യത്തിന് അനുസരിച്ച് ഉയര്‍ന്നു. യുവ പേസറാണെങ്കിലും നന്നായി പന്തെറിഞ്ഞു. ഏറെ തീവ്രത പന്തുകളില്‍ കാണിച്ചു' എന്നും മത്സര ശേഷം സമ്മാനവേളയില്‍ ബാബര്‍ അസം പറഞ്ഞു. നാല് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് ഓപ്പണര്‍ കെ എല്‍ രാഹുല്‍, മധ്യനിര താരം സൂര്യകുമാര്‍ യാദവ് എന്നിവരുടെ വിക്കറ്റുകള്‍ നസീം ഷാ വീഴ്‌ത്തിയിരുന്നു. 

അവസാന അഞ്ച് ഓവര്‍ തുടങ്ങുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ 51 റണ്‍സ് വേണ്ടപ്പോള്‍ മുന്‍തൂക്കം പാകിസ്ഥാനായിരുന്നു. എന്നാല്‍ പേസര്‍മാരായ ഹാരിസ് റൗഫിനും നസീം ഷായ്‌ക്കും പേശീവലിവ് ഏറ്റതോടെ ബാബര്‍ പ്രതിരോധത്തിലായി. എങ്കിലും മത്സരം അവസാന ഓവറിലേക്ക് നീട്ടി പാക് ബൗളര്‍മാര്‍. അവസാന ഓവറില്‍ ഇന്ത്യ വിജയത്തിന് ഏറ് റണ്‍സ് അകലെ നില്‍ക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ ജഡേജയെ നഷ്‌ടമായെങ്കിലും നാലാം പന്തില്‍ സിക്‌സറോടെ ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. 

പാകിസ്ഥാനെതിരെ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവില്‍ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അ‌ഞ്ച് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക് ടീം 19.5 ഓവറില്‍ 147 റണ്‍സിന് പുറത്തായി. ഭുവിയുടെ നാലിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്‌ദീപ് സിംഗ് രണ്ടും ആവേശ് ഖാന്‍ ഒന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി. 17 പന്തില്‍ 33* റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. വിരാട് കോലിയും രവീന്ദ്ര ജഡേജയും 35 റണ്‍സ് വീതം നേടി. നായകന്‍ രോഹിത് ശര്‍മ്മ 12ഉം ഉപനായകന്‍ കെ എല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി. 

ഇതെനിക്ക് വിട്ടേക്ക്, പാക്കലാം; ഡോട് ബോളിന് പിന്നാലെ ആംഗ്യം കാട്ടി പാണ്ഡ്യ, ആറ്റിറ്റ്യൂഡിനെ വാഴ്‌ത്തി ആരാധകര്‍

click me!