
ദുബായ്: ഈ മാസം 27ന് യുഎഇയില്‍ തുടക്കമാകുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ടിക്കറ്റ് വില്‍പനയുടെ തീയതികള്‍ പ്രഖ്യാപിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി). തിങ്കളാഴ്ച മുതല്‍ ടിക്കറ്റുകള്‍ ആരാധകര്‍ക്ക് ലഭ്യമാകുമെന്ന് എസിസി വ്യക്തമാക്കി. ശ്രീലങ്ക വേദിയാവേണ്ടിയിരുന്ന ടൂര്‍ണമെന്‍റ് ലങ്കയിലെ ആബ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് യുഎഇയിലേക്ക് മാറ്റിയത്. ഇതാണ് ടിക്കറ്റ് വില്‍പന ആരംഭിക്കാന്‍ വൈകാന്‍ കാരണം.
27ന് തുടങ്ങുന്ന ടൂര്‍ണമെന്‍റില്‍ 28ന് നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടത്തിന്‍റെ ടിക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുണ്ടാകുക. ഗ്രൂപ്പ് ഘട്ടത്തിന് പുറമെ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ഉണ്ടാകും. ഇതിന് ശേഷം ഇരു ടീമും ഫൈനലിലെത്തിയാല്‍ മൂന്ന് തവണ പരമ്പരാഗത വൈരികളുടെ പോരാട്ടം കാണാന്‍ യുഎഇയിലെ ആരാധകര്‍ക്ക് അവസരം ലഭിക്കും.
ലോകകപ്പിലെ ഇന്ത്യാ-പാക് പോരാട്ടത്തിന് ടിക്കറ്റില്ല
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലെഇന്ത്യ-പാക് പോരാട്ടത്തിന്‍റെ ടിക്കറ്റുകള്‍ വില്‍പനക്ക് വെച്ച് മണിക്കൂറുകള്‍ കൊണ്ട് വിറ്റു തീര്‍ന്നിരുന്നു. ഒരു ലക്ഷത്തോളം പേരെ ഉള്‍ക്കൊള്ളാവുന്ന ഏറ്റവും വലിയ സ്റ്റേഡിയമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍(എംസിജി) ആണ് ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം.
ഏഷ്യാ കപ്പ് ടിക്കറ്റുകള്‍ എന്നു മുതല്‍
27ന് തുടങ്ങുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റിന്‍റെ ടിക്കറ്റുകള്‍ ഓഗസ്റ്റ് 15 മുതലാണ് ഔദ്യോഗികമായി വില്‍പന തുടങ്ങുക.
ടിക്കറ്റുകള്‍ എവിടെ കിട്ടും
platinumlist.net എന്ന വെബ് സൈറ്റിലൂടെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി വാങ്ങാം. മത്സരങ്ങള്‍ക്ക് വേദിയാവുന്ന ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലും ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടാകുമെങ്കിലും ഓണ്‍ലൈന്‍ വില്‍പനയില്‍ ബാക്കിവരുന്ന ടിക്കറ്റുകള്‍ മാത്രമെ കൗണ്ടറുകളിലൂടെ ലഭ്യമാകൂ എന്നാണ് സൂചന.
ഇന്ത്യ-പാക് പോരാട്ടം ദുബായിയില്‍
28ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദിയാവുക. 25000 പേരെ ഉള്‍ക്കൊള്ളാവുന്നതാണ് സ്റ്റേഡിയം. 28-ഞായറാഴ്ച അവധി ദിനമായതിനാല്‍ ഇന്ത്യ-പാക് പോരാട്ടത്തിനുള്ള ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡായിരിക്കുമെന്നാണ് കരുതുന്നത്.
കൊവിഡ് പ്രോട്ടോക്കോള്‍ ഉണ്ടാകുമോ
യുഎഇ സര്‍ക്കാരിന്‍റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കാണികള്‍ക്ക് മത്സരദിവസം സ്റ്റേഡിയത്തിലേക്ക് പ്രവേശനം.