
മുംബൈ: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഷഹീന്‍ അഫ്രീദിയും നസീം ഷായും ഹാരിസ് റൗഫും ചേര്‍ന്ന പാക് പേസ് ത്രയത്തിന് മുന്നില്‍ അടിച്ചു കളിക്കുക എന്നത് ഇന്ത്യക്ക് എളുപ്പമാവില്ലെന്ന് ഗവാസ്കര്‍ പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നെങ്കിലും പാക് പേസര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ മുന്‍നിര പതറിയിരുന്നു. 66 റണ്‍സിന് നാലു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഇഷാന്‍ കിഷന്‍റെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും പ്രത്യാക്രമണമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ആദ്യ ഏഴോവറിനുള്ളില്‍ തന്നെ രോഹിത് ശര്‍മയെയും വിരാട് കോലിയെയും പുറത്താക്കിയ ഇടം കൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയാണ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയത്. ഹാരിസ് റൗഫ് ഇന്ത്യയുടെ നടുവൊടിച്ചപ്പോള്‍ ഹാര്‍ദ്ദിക്കിനെയും രവീന്ദ്ര ജഡേജയെയും കൂടി പുറത്താക്കി അഫ്രീദി നാലു വിക്കറ്റ് തികച്ചു. റൗഫും നസീം ഷായും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി. മഴമൂലം പാക് ഇന്നിംഗ്സ് തുടങ്ങാനാവാതിരുന്നതോടെ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.
ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക് പേസര്‍മാര്‍ക്കെതിരെ തകര്‍ത്തടിക്കാന്‍ ഇന്ത്യ ബുദ്ധിമുട്ടുമെന്ന് ഗവാസ്കര്‍ പറഞ്ഞു. ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച ന്യൂബോള്‍ ആക്രമണ നിരയാണ് പാക്കിസ്ഥാനുള്ളത്. ഒരുകാലത്ത് പാക്കിസ്ഥാനും ഓസ്ട്രേലിയയുമായിരുന്നു ന്യൂബോള്‍ ആക്രമണത്തിന്‍റെ കാര്യത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. പക്ഷെ ഇപ്പോഴത് പാക്കിസ്ഥാന്‍ മാത്രമാണ്.
പാക് നിരയില്‍ ഇടം കൈയന്‍ പേസറും വലം കൈയന്‍ പേസര്‍മാരുമുണ്ട്. അതുകൊണ്ടുതന്നെ ബാറ്ററുടെ ഇരുവശത്തേക്കും പന്ത് അനായാസം സ്വിംഗ് ചെയ്യിക്കാന്‍ അവര്‍ക്കാവും. അതിനാല്‍ പാക്കിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ തുടക്കത്തിലെ അടിച്ചു തകര്‍ക്കാമെന്ന ഇന്ത്യയുടെ പദ്ധതി നടപ്പാക്കാനാവില്ലെന്നും ഗവാസ്കര്‍ പറഞ്ഞു. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഞായറാഴ്ചയാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക