രണ്ടാം ഓവറില്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കിയ അഖില്‍ സ്കറിയ കേരളത്തിന് ആശിച്ച തുടക്കം നല്‍കിയെങ്കിലും പടിക്കലും കരുണ്‍ നായരും ക്രീസിലുറച്ചതോടെ കേരളത്തിന്‍റെ പിടി അയഞ്ഞു.
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരെ ജയത്തിലേക്ക് ബാറ്റുവീശി കര്‍ണാടക. ആദ്യം ബാറ്റ് ചെയ്ത് കേരളം ഉയര്‍ത്തിയ 282 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന കര്‍ണാടക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 42 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെന്ന ശക്തമായ നിലയിലാണ്. 103 റണ്‍സുമായി മലയാളി താരം കരുണ്‍ നായരും രണ്ട് റണ്‍സോടെ സ്മരണ്‍ രവിചന്ദ്രനും ക്രീസില്‍ ക്രീസില്‍. 137 പന്തില്‍ 124 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിന്‍റെയും ഒരു റണ്‍സെടുത്ത ക്യാപ്റ്റൻ മായങ്ക് അഗര്‍വാളിന്‍റെ വിക്കറ്റുകളാണ് കര്‍ണാടകക്ക് നഷ്ടമായത്.
രണ്ടാം ഓവറില്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കിയ അഖില്‍ സ്കറിയ കേരളത്തിന് ആശിച്ച തുടക്കം നല്‍കിയെങ്കിലും പടിക്കലും കരുണ്‍ നായരും ക്രീസിലുറച്ചതോടെ കേരളത്തിന്‍റെ പിടി അയഞ്ഞു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 223 റണ്‍സാണ് അടിച്ചെടുത്തത്. ഒടുവില്‍ കര്‍ണാടകയുടെ വിജയം ഉറപ്പിച്ചശേഷമാണ് ദേവദത്ത് എം ഡി നിധീഷിന്‍റെ പന്തില്‍ പുറത്തായത്. ദേവ്ദത്ത് പടിക്കലിന്‍റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ പടിക്കല്‍ 118 പന്തില്‍ 147 റണ്‍സടിച്ചിരുന്നു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം ബാബാ അപരാജിതിന്‍റെയും മുഹമ്മദ് അസറുദ്ദീന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു. 56 പന്തില്‍ പുറത്താകാതെ 84 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. ബാബാ അപരാജിത് 62 പന്തില്‍ 71 റണ്‍സടിച്ചു.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കേരളത്തിന് തുടക്കത്തിലെ തിരിച്ചടിയേറ്റിരുന്നു. സഞ്ജു സാംസണ്‍ ഇന്നും വിട്ടു നിന്നപ്പോള്‍ ക്യാപ്റ്റൻ രോഹന്‍ കുന്നുമ്മലിനൊപ്പം അഭിഷേക് നായര്‍ തന്നെയാണ് കേരളത്തിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഏഴ് റണ്‍സെടുത്ത അഭിഷേകും ഗോള്‍ഡന്‍ ഡക്കായി അഹമ്മദ് ഇമ്രാനും മടങ്ങുമ്പോള്‍ കേരളത്തിന്‍റെ സ്കോര്‍ ബോര്‍ഡില്‍ 22 റണ്‍സെ ഉണ്ടായിരുന്നുള്ളു. രോഹന്‍ കുന്നുമ്മലും ബാബാ അപരാജിതും ചേര്‍ന്ന കൂട്ടുകെട്ടില്‍ കേരളം പ്രതീക്ഷ വെച്ചെങ്കിലും പവര്‍ പ്ലേയില്‍ തന്നെ രോഹനും(12) മടങ്ങിയതോടെ സ്കോര്‍ 50 കടക്കും മുമ്പെ മൂന്ന് വിക്കറ്റ് നഷ്ടമായി കേരളം പതറി. എന്നാല്‍ നാലാം വറ്റില്‍ 77 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ അഖില്‍ സ്കറിയയും(27) ബാബാ അപരാജിതും ചേര്‍ന്ന് കേരളത്തെ 100 കടത്തി. 71 റണ്‍സെടുത്ത അപരാജിതിനെ ശ്രേയസ് ഗോപാല്‍ പുറത്താക്കിയതിന് പിന്നാലെ അഖില്‍ സ്കറിയയെ വിദ്വത് കവരെപ്പ പുറത്താക്കിയതോടെ കേരളം 128-5ലേക്ക് വീണു.
പിന്നീട് മുഹമ്മദ് അസറുദ്ദീന്‍-വിഷ്ണു വിനോദ്(35) സഖ്യമാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ വിഷ്ണുവിനെ ശ്രേയസ് ഗോപാല്‍ പുറത്താക്കിയതിന് പിന്നാലെ അങ്കിത് ശര്‍മയും(2) പുറത്തായതോടെ 186-7ലേക്ക് വീണ കേരളത്തെ എം ഡി നിധീഷിനൊപ്പം(34*) 95 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ മുഹമ്മദ് അസറുദ്ദീൻ(58 പന്തില്‍ 84*) ചേര്‍ന്ന് കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. മൂന്ന് ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു അസറുദ്ദീന്‍റെ ഇന്നിംഗ്സ്. കര്‍ണാടകക്കായി അഭിലാഷ് ഷെട്ടി മൂന്നും ശ്രേയസ് ഗോപാല്‍ രണ്ടും വിക്കറ്റെടുത്തു.


