
ബെംഗളൂരു: ഗോവക്കുവേണ്ടി തകര്‍പ്പന്‍ ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന തിമ്മപ്പയ മെമ്മോറിയല്‍ ഇന്‍വിറ്റേഷനല്‍ ടൂര്‍ണമെന്‍റില്‍ മഹാരാഷ്ട്രക്കെതിരെ ഗോവക്കായി ഇറങ്ങിയ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ബാറ്റിംഗിനിറങ്ങി 36 റണ്‍സും ബൗളിംഗില്‍ അഞ്ച് വിക്കറ്റും നേടിയാണ് സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ തിളങ്ങിയത്.
കരുത്തുറ്റ മഹാരാഷ്ട്ര ടീമിനെതിരെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തയായിരുന്നു അര്‍ജ്ജുന്‍ ബൗളിംഗ് തുടങ്ങിയത്. മഹാരാഷ്ട്ര ഓപ്പണര്‍ അനിരുദ്ധ് സബാലെയാണ് അര്‍ജ്ജുന്‍ എറിഞ്ഞ ആദ്യ പന്തില്‍ വീണത്. പിന്നാലെ സബാലെയുടെ ഓപ്പണിംഗ് പങ്കാളി മഹേഷ് മാസ്കെയെ അര്‍ജ്ജുന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ ദിഗ്‌വിജയ് പാട്ടീലിനെ കൂടി മടക്കിയ അര്‍ജ്ജുന്‍ മഹാരാഷ്ട്രയെ 15-4ലേക്ക് തള്ളിയിട്ടു. മെഹുല്‍ പട്ടേല്‍ പൊരുതി നിന്ന് മഹാരാഷ്ട്രക്കായി പൊരുതിയെങ്കിലും രണ്ടാം സ്പെല്ലിനെത്തിയ അര്‍ജ്ജുന്‍ മെഹുലിനെ മടക്കി മഹരാഷ്ട്രക്ക് വീണ്ടും തിരിച്ചടി നല്‍കി. അവസാന ബാറ്ററെയും വീഴ്ത്തി അഞ്ച് വിക്കറ്റ് തികച്ച അര്‍ജ്ജുന്‍ മഹാരാഷ്ട്രയുടെ ഇന്നിംഗ്സ് 154 റണ്‍സില്‍ അവസാനിപ്പിച്ചു.
ആദ്യ ഇന്നിംഗ്സില്‍ 333 റണ്‍സടിച്ച ഗോവക്കായി ഒമ്പതാമനായി ക്രീസിലിറങ്ങിയ അര്‍ജ്ജുന്‍ 44 പന്തില്‍ 36 റണ്‍സടിച്ച് തന്‍റെ ഓള്‍ റൗണ്ട് മികവ് പ്രകടമാക്കിയിരുന്നു. അഭിനവ് തേജ്രാന(77), ദര്‍ശന്‍ മിസാല്‍(66), മോഹിത് റെഡേകര്‍(58) എന്നിവരുടെ അര്‍ധസെഞ്ചുറി മികവിലാണ് ഗോവ ആദ്യ ഇന്നിംഗ്സില്‍ 333 റണ്‍സെടുത്തത്. നേരത്തെ മുംബൈക്കായി കളിച്ചിരുന്ന അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ അതിന് മുമ്പ് മഹാരാഷ്ട്രക്കായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രണ്ട് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 2022ലാണ് അര്‍ജ്ജുന്‍ മുംബൈ വിട്ട് ഗോവക്കുവേണ്ടി കളിച്ചു തുടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക