
ഷാര്‍ജ: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനും ഹോങ്കോങും സൂപ്പര്‍ ഫോറിലെ അവസാന ടീമാവാന്‍ ഏറ്റമുട്ടുമ്പോള്‍ ആരാധകരെ അമ്പരപ്പിച്ച് ഇന്ത്യയുടെ പാക്കിസ്ഥാന്‍റെയും ഇന്നിഗ്സുകള്‍ തമ്മിലുള്ള സാമ്യം. അന്ന് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഹോങ്കോങിനെതിരെ നേടിയത് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് ഹോങ്കോങിനെതിരെ പാക്കിസ്ഥാന്‍ നേടിയത് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ്.
അവസാന മൂന്നോവറിലെ കളി
അന്ന് പതിനേഴാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 138-2. ഇന്ന് ഹോങ്കോങിനെതിരെ പാക്കിസ്ഥാന്‍റെ 17-ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സ്കോര്‍ 138-2. ഇന്ന് പതിനെട്ടാം ഓവര്‍ എറിഞ്ഞ ആയുഷ് ശുക്ലക്കെതിരെ ഖുഷ്ദില്‍ ഷാ നേടിയത് 18 റണ്‍സ്. അന്ന് ആയുഷ് ശുക്ലക്കെതിരെ സൂര്യകുമാര്‍ നേടിയത് 15 റണ്‍സ്.
പത്തൊമ്പതാം ഓവര്‍ എറിഞ്ഞ എഹ്സാന്‍ ഖാന്‍ ഇന്ന് വഴങ്ങിയത് എട്ട് റണ്‍സ് മാത്രം. എന്നാല്‍ അന്ന് ഇന്ത്യക്കെതിരെ പത്തൊമ്പതാം ഓവര്‍ എറിഞ്ഞ എഹ്സാന്‍ ഖാന്‍ ഒരു സിക്സ് വഴങ്ങിയെങ്കിലും 13 റണ്‍സെ വഴങ്ങിയുള്ളു.
ഇന്ന് പാക് ഇന്നിംഗ്സിലെ അവസാന ഓവര്‍ എറിഞ്ഞത് ഐസാസ് ഖാനായിരുന്നു. നാല് സിക്സും വൈഡ് വഴി അഞ്ച് റണ്‍സും ഉള്‍പ്പെടെ ഖുഷ്ദില്‍ ഷാ ഐസാസ് ഖാനെതിരെ നേടിയ് 29 റണ്‍സ്. അന്ന് ഇന്ത്യക്കെതിരെ ഹോങ്കോങിനായി അവസാന ഓവര്‍ എറിഞ്ഞത് ഹാരൂണ്‍ റഷീദ് ആയിരുന്നു.നാല് സിക്സി് ഉള്‍പ്പെടെ ഹാരൂണ്‍ അര്‍ഷാദ് വഴങ്ങിയത് 26 റണ്‍സ്.
അവസാന പത്തോവറിലെ കളി
ഇന്ന് ഇന്നിംഗ്സിന്‍റെ പകുതി കഴിയുമ്പോള്‍ പാക്കിസ്ഥാന്‍ സ്കോര്‍ 64-1. അന്ന് ഇന്ത്യയുടെ സ്കോര്‍ 10 ഓവറില്‍ 70-1. അവസാന പത്തോവറില്‍ ഇന്ത്യ നേടിയത് 122 റണ്‍സ്. പാക്കിസ്ഥാന്‍ നേടിയത് 129 റണ്‍സ്. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് റിസ്‌വാനാണ് ഇന്ന് നങ്കൂരമിട്ടതെങ്കില്‍ (57 പന്തില്‍ 78*) അന്ന് ഇന്ത്യക്കായി നങ്കൂരമിട്ടത് വിരാട് കോലി(44 പന്തില്‍ 59*). ഇന്ന് ഖുഷ്ദില്‍ ഷാ(15 പന്തില്‍ 35*) പാക്കിസ്ഥാനുവേണ്ടി തകര്‍ത്തടിച്ചപ്പോള്‍ അന്ന് സൂര്യകുമാര്‍ യാദവ് 26 പന്തില്‍ 68 റണ്‍സടിച്ച് ഇന്ത്യക്കായി തിളങ്ങി.
ഇന്ത്യ ലോകകപ്പ് ജയിക്കണമെങ്കില്‍ അവനെ ആശ്രയിച്ചെ പറ്റു, തുറന്നു പറഞ്ഞ് മുന്‍ താരം
ഇന്ന് പാക്കിസ്ഥാന് തുടക്കത്തിലെ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ(9) പവര്‍ പ്ലേയില്‍ നഷ്ടമായെങ്കില്‍ അന്ന് ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പവര്‍ പ്ലേയില്‍(21) നഷ്ടമായി. അന്ന് നങ്കൂരമിട്ട് വിമര്‍ശനമേറ്റത് രാഹുല്‍(39 പന്തില്‍ 36) ആയിരുന്നെങ്കില്‍ ഇന്ന് പാക്കിസ്ഥാനുവേണ്ടി നങ്കൂരമിട്ട് എയറിലാവുന്നത് ഫഖര്‍ സമന്‍(41 പന്തില്‍ 53). ഇന്ത്യ-പാക് ഇന്നിംഗ്സുകളുടെ ഈ അമ്പരപ്പിക്കുന്ന സാമ്യതകളെക്കുറിച്ചാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ പ്രധാന ചര്‍ച്ച.