
ദുബായ്: പരിശീലനമില്ലാത്ത അവധി ദിനത്തില്‍ ദുബായ് ബീച്ചില്‍ തുഴയെറിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍. ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങളുമായി സൂപ്പര്‍ ഫോറില്‍ ഇടം നേടിയതോടെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഇന്നലെ പരീശിലനത്തില്‍ അവധി ദിനമായിരുന്നു. ഇതോടെ ദുബായ് ബീച്ചില്‍ സര്‍ഫിംഗിനും ബീച്ച് വോളിബോളിനുമായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ സമയം കണ്ടെത്തി.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ ഒറ്റക്ക് സര്‍ഫിംഗിനിറങ്ങിയപ്പോള്‍ ചാഹലും അശ്വിനും ചേര്‍ന്ന് പെഡല്‍ ബോട്ടില്‍ ബോട്ടിംഗ് നടത്തി.സൂപ്പര്‍ ഫോറില്‍ ഞായറാഴ്ച നടക്കുന്ന പാക്കിസ്ഥാനെതിരായ നിര്‍ണായ പോരാട്ടത്തിന് മുമ്പ് കളിക്കാരുടെ ഉന്‍മേഷം തിരിച്ചുപിടിക്കാന്‍ ഈ വിനോദങ്ങള്‍ കളിക്കാരെ സഹായിക്കുമെന്ന് ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
ഇന്ന് പരിശീലനത്തിന് അവധിയാണെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞതോടെയാണ് കളിക്കാരെല്ലാവരും സര്‍ഫിംഗിനും ബോട്ടിംഗിനുമായി ഇറങ്ങിയതെന്നും യാത്ര രസകരമായിരുന്നുവെന്നും യുസ്‌വേന്ദ്ര ചാഹല്‍ പറഞ്ഞു. ടീമിന്‍റെ ഒത്തിണക്കം കൂട്ടാന്‍ ഇത് ഏറെ ഉപകരിക്കുമെന്നും ചാഹല്‍ വ്യക്തമാക്കി.
'തട്ടീം മുട്ടീം' വീണ്ടും രാഹുല്‍, ഓപ്പണറായി സഞ്ജുവിനെ തിരിച്ചുവിളിക്കൂവെന്ന് ആരാധകര്‍
സര്‍ഫിംഗിനുശേഷം കളിക്കാര്‍ ടീമായി തിരിഞ്ഞ് ബീച്ച് വോളിബോളും കളിച്ചു. വിരാട് കോലിയും അശ്വിനും ദിനേശ് കാര്‍ത്തിക്കും രവി ബിഷ്ണോയിയും അര്‍ഷദീപുമെല്ലാം ബീച്ച് വോളിയില്‍ സജീവമായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും രാഹുല്‍ ദ്രാവിഡും മാത്രം കടലിലിറങ്ങുകയോ ബീച്ച് വോളി കളിക്കുകയോ ചെയ്യാതെ ഗൗരവമുള്ള ചര്‍ച്ചയിലായിരുന്നു.
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ അഞ്ച് വിക്കറ്റിന് തകര്‍ത്തിരുന്നു. രണ്ടാം മത്സരത്തില്‍ ഹോങ്കോങിനെ 40 റണ്‍സിനും കീഴടക്കിയാണ് ഇന്ത്യ അപരാജിതരായി സൂപ്പര്‍ ഫോറിലെത്തിയത്. സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന് പുറമെ അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ടീമുകളുമായും ഇന്ത്യ ഏറ്റുമുട്ടും. ഇതില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാകും 11ന് നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടുക.