കെ എല്‍ രാഹുലിനെ കടന്നാക്രമിച്ച് സുനില്‍ ഗാവസ്‌കറും, ഇന്ത്യന്‍ ഓപ്പണറുടെ സ്ഥാനം ഇപ്പോഴും എയറില്‍ത്തന്നെ

ദുബായ്: ഏഷ്യാ കപ്പില്‍ ദുര്‍ബലരായ ഹോങ്കോങ്ങിനെതിരെ പോലും ഒച്ചിഴയും വേഗമായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന്. ഐപിഎല്‍ കാലം മുതല്‍ രാഹുല്‍ നേരിടുന്ന വിമര്‍ശനമാണിത്. ടി20യില്‍ ബാറ്റര്‍മാര്‍, പ്രത്യേകിച്ച് ഓപ്പണര്‍മാര്‍ പവര്‍പ്ലേ മുതലാക്കി തകര്‍ച്ചടിക്കുമ്പോള്‍ സ്‌ട്രൈക്ക് കൈമാറി മുട്ടിക്കളിക്കുകയാണ് രാഹുല്‍. ഹോങ്കോങ്ങിനെതിരായ മത്സര ശേഷം ആരാധകര്‍ എയറിലാക്കിയ കെ എല്‍ രാഹുലിനെ കടന്നാക്രമിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകനും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. 

'നോക്കൂ, ശുഭ്‌മാന്‍ ഗില്‍ സിംബാബ്‌വെയിലും വെസ്റ്റ് ഇന്‍ഡീസിലും മികച്ച പ്രകടനം നടത്തി. അതിനാല്‍ ഓപ്പണിംഗ് സ്ഥാനത്ത് ശക്തമായ മത്സരമുണ്ട്. ഒരു താരം ഫോമിലല്ലെങ്കിലും റണ്‍സ് കണ്ടെത്തുന്നില്ലെങ്കിലും അത് ഗൗരവത്തോടെ കാണണം. രണ്ടുമൂന്ന് മത്സരത്തിന് ശേഷം ഏതെങ്കിലുമൊരു താരം ഫോമിലെത്തും എന്ന് പ്രതീക്ഷിക്കാനാവില്ല. കാരണം ഫോമിലുള്ള താരങ്ങളെ മാത്രമേ ലോകകപ്പ് ടീമിലെടുക്കാന്‍ പാടുള്ളൂ. എല്ലാം ലോകകപ്പ് മത്സരങ്ങളും കടുത്തതാണ്. രാഹുല്‍ അടുത്ത കുറച്ച് മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്തിയില്ലെങ്കില്‍ സെലക്‌ടര്‍മാര്‍ മറ്റ് പേരുകളിലേക്ക് ആലോചന കൊണ്ടുപോകും' എന്നും സുനില്‍ ഗാവസ്‌കര്‍ സ്പോര്‍ട്‌സ് ടോക്കിനോട് പറ‌ഞ്ഞു. 

ഐപിഎല്ലിന് ശേഷം പരിക്കിന്‍റെ നീണ്ട ഇടവേള കഴിഞ്ഞെത്തിയ കെ എല്‍ രാഹുല്‍ ഫോമിലെത്താന്‍ കഷ്‌ടപ്പെടുകയാണ്. തിരിച്ചുവരവിലെ നാല് മത്സരങ്ങളില്‍ സിംബാബ്‌വെക്കെതിരെ 1, 30 എന്നിങ്ങനെയാണ് സ്കോര്‍ നേടിയത്. പിന്നാലെ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ഹോങ്കോങ്ങിനെതിരെ തൊട്ടടുത്ത മത്സരത്തില്‍ ദുര്‍ബലമായ ബൗളിംഗ് നിരയ്‌ക്ക് എതിരെ പോലും വേഗം സ്കോര്‍ ചെയ്യാനായില്ല. 39 പന്തില്‍ 36 റണ്‍സ് മാത്രമാണ് രാഹുല്‍ നേടിയത്. ഇതോടെ രാഹുലിന്‍റെ മെല്ലപ്പോക്കില്‍ രൂക്ഷ വിമര്‍ശനം ശക്തമായിരുന്നു. വ്യക്തിഗത സ്കോറില്‍ മാത്രം ഊന്നി രാഹുല്‍ കളിക്കുന്നതായി നേരത്തെ ഐപിഎല്ലില്‍ വിമര്‍ശനം ഉയര്‍ന്നതാണ്. രാഹുല്‍ സെഞ്ചുറി നേടുമ്പോഴും ടീം ജയിക്കുന്നില്ല എന്നതായിരുന്നു അവസ്ഥ. 

ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിന് മുമ്പ് കെ എല്‍ രാഹുലിന് വിമര്‍ശകരെ ഒതുക്കാന്‍ വമ്പന്‍ ഇന്നിംഗ്‌സുകളും അതിവേഗ സ്‌കോറിംഗും കൂടിയേ തീരൂ. ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്ക് ഓസീസിനും എതിരെ ഇന്ത്യക്ക് ടി20 പരമ്പരകളുണ്ട്. ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങള്‍ അവസരം കാത്ത് പുറത്തുനില്‍ക്കുകയാണ്. ആവശ്യമെങ്കില്‍ ഓപ്പണിംഗില്‍ ഇറങ്ങാന്‍ റിഷഭ് പന്തും തയ്യാറായിരിക്കേയാണ് കെ എല്‍ രാഹുലിന്‍റെ മെല്ലപ്പോക്ക്. 

ഫോമിലേക്ക് മടങ്ങിയെത്തിയതിന്‍റെ രഹസ്യം അത്, മനസുതുറന്ന് വിരാട് കോലി; സൂര്യകുമാറിന് വമ്പന്‍ പ്രശംസ