
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ഇന്ത്യയുടെ അന്തിമ ഇലവനില്‍ കളിപ്പിച്ചത് ശരിയായ തീരുമാനമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. കാര്‍ത്തിക്കിന്‍റെ മികച്ച ഫോം പരമാവധി ഉപയോഗിക്കാനാണ് ടീം മാനേജ്മെന്‍റ് തീരുമാനിച്ചതെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഇന്നലെ ടോസിനുശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ റിഷഭ് പന്ത് ടീമിലില്ലാതിരുന്നത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ ഫിനിഷര്‍ എന്ന നിലയില്‍ തിളങ്ങുന്ന കാര്‍ത്തിക്കിന് അവസരം നല്‍കാനാണ് ടീം മാനേജ്മെന്‍റ് തീരുമാനിച്ചത്. റിഷഭ് പന്ത് ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ടെസ്റ്റിലും ഏകദിനത്തിലും തിളങ്ങുന്ന പന്ത് ടി20 ക്രിക്കറ്റില്‍ അത്ര മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. എന്നാല്‍ ദിനേശ് കാര്‍ത്തിക്കിന്‍റെഗ ഗ്രാഫ് നോക്കു, അത് ഉയര്‍ന്നു ഉയര്‍ന്നു പോകുകയാണ്. ലഭിച്ച അവസരങ്ങളിലെല്ലാം അദ്ദേഹം മികവ് കാട്ടി. ഈ ഫോര്‍മാറ്റില്‍ ഫോം വെച്ചു നോക്കിയാല്‍ ഇതാണ് ശരിയായ തീരുമാനം. കാരണം ദിനേശ് കാര്‍ത്തിക്കിനെ ബെഞ്ചിലിരുത്തിയിട്ട് എന്താണ് പ്രയോജനം. ഇത് അദ്ദേഹത്തെ കളിപ്പിക്കേണ്ട സമയമാണ്. റിഷഭ് പന്ത് ചെറുപ്പമാണ്. അവന് ഇനിയും സമയമുണ്ട്.
എന്നാല്‍ കാര്‍ത്തിക്കിന് ഇനി ഒന്നോ രണ്ടോ വര്‍ഷം കൂടിയെ ഇതേ ഫോമില്‍ കളിക്കാനാവു. അത് പരമാവധി മുതലെടുക്കനാവാണം ടീം ശ്രമിക്കേണ്ടത്. ബാറ്റിംഗ് ഓര്‍ഡറില്‍ താഴെയിറങ്ങുന്ന കാര്‍ത്തിക്കിന് നിരവധി മത്സരങ്ങള്‍ ജയിപ്പിക്കാനാവുമെന്നും ടെലിവിഷന്‍ ചര്‍ച്ചയില്‍ ഹര്‍ഭജന്‍ പറഞ്ഞു. ഹാര്‍ദ്ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കും ഫിനിഷര്‍മാരായി ഇറങ്ങുമ്പോള്‍ എതിരാളികള്‍ക്ക് അത് വലി വെല്ലുവിളിയാവുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഇന്ത്യക്കായി 54 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള റിഷഭ് പന്തിന് 25 റണ്‍സില്‍ താഴെ ശരാശരിയില്‍ 883 റണ്‍സെ ഇതിുവരെ നേടാനായിട്ടുള്ളു. ടെസ്റ്റ്, ഏകദിന മത്സരങ്ങളിലെ ഫോം ഇതുവരെ ടി20 ക്രിക്കറ്റില്‍ പുറത്തെടുത്താന്‍ പന്തിന് കഴിയാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.