
നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ വിജയത്തുടക്കവുമായി അഫ്ഗാനിസ്ഥാൻ. ഗ്രൂപ്പ് എ പോരാട്ടത്തിൽ ആതിഥേയരായ ജപ്പാനെ 48 റൺസിനാണ് അഫ്ഗാൻ തകർത്തത്. നിഷിനിലെ കോറോഗി സ്പോർട്സ് പാർക്കിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ മുന്നോട്ടുവെച്ച 130 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ജപ്പാൻ, ലെഗ് സ്പിന്നർ അറബ് ഗുൽ മൊമന്ദിന്‍റെ മാരക ബോളിങ് പ്രകടനത്തിന് മുന്നിൽ പകച്ചുനിൽക്കുകയായിരുന്നു. ജപ്പാനെ വെറും 81 റൺസിന് എറിഞ്ഞൊതുക്കിയാണ് അഫ്ഗാനിസ്ഥാൻ അനായാസ വിജയം സ്വന്തമാക്കിയത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ മികച്ച ബോളിങ്ങിലൂടെ പിടിച്ചുകെട്ടാൻ ജപ്പാൻ സ്പിന്നർമാർക്ക് സാധിച്ചിരുന്നു. അഫ്ഗാൻ തുടക്കത്തിൽ റൺ കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും അരങ്ങേറ്റക്കാരൻ മുഹമ്മദ് അക്രമിന്‍റെയും (34) കരിം ജനറ്റിന്‍റെയും ബാറ്റിങ് മികവിൽ പവർപ്ലേയിൽ 39 റൺസെടുത്തു. തുടർന്ന് വിക്കറ്റുകൾ വീണ് സമ്മർദ്ദത്തിലായ ടീമിനെ ക്യാപ്റ്റൻ ദർവിഷ് റസൂലിയുടെയും (29) അവസാന ഓവറുകളിൽ തകർത്തടിച്ച മുഹമ്മദ് ഇഷാഖിന്‍റെയും (25 നോട്ട് ഔട്ട്) പ്രകടനമാണ് രക്ഷിച്ചത്. നിർണ്ണായക ഓവറുകളിൽ അതിവേഗം റൺസുയർത്തിയ അഫ്ഗാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എന്ന ഭേദപ്പെട്ട സ്കോറിലെത്തി. ജപ്പാനായി ഷൊമ സുഗായ-സ്ലേറ്റർ, ഇബ്രാഹിം തകാഹാഷി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റെങ്കിലും റെയോ സകുറാനോ-തോമസും ബെഞ്ചമിൻ ഇറ്റോ-ഡേവിസും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. എന്നാൽ ഒരവസരത്തിൽ 53 ന് രണ്ട് വിക്കറ്റ് എന്ന നിലയിൽ പൊരുതിയ ജപ്പാന്‍റെ പ്രതീക്ഷകൾ തകർത്തത് അഫ്ഗാൻ സ്പിന്നർ അറബ് ഗുൽ മൊമന്ദിന്റെ മാസ്മരിക പ്രകടനമായിരുന്നു. നാല് ഓവറിൽ രണ്ട് ഡബിൾ വിക്കറ്റ് മെയ്ഡനുകൾ ഉൾപ്പെടെ വെറും എട്ട് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് ഗുൽ വീഴ്ത്തിയത്.
ഗുല്ലിന്‍റെ സ്പെല്ലിൽ 19 ഡോട്ട് ബോളുകളാണ് പിറന്നത്. ഇതോടെ 53 ന് രണ്ട് വിക്കറ്റ് എന്ന നിലയിൽ നിന്ന് ജപ്പാൻ 63 ന് എട്ട് വിക്കറ്റ് എന്ന അവസ്ഥയിലേക്ക് തകർന്നു വീണു. റെയോ സകുറാനോ-തോമസ് (23) മാത്രമാണ് ജപ്പാൻ നിരയിൽ അൽപ്പമെങ്കിലും ചെറുത്തുനിന്നത്. ഒടുവിൽ 19.3 ഓവറിൽ 81 റൺസിന് ജപ്പാൻ ഇന്നിങ്സ് അവസാനിച്ചു. അഫ്ഗാനിസ്ഥാനായി നാംഗെയാലിയ ഖരോട്ടി മൂന്നും അബ്ദുള്ള അഹമ്മദ്സായി രണ്ടും വിക്കറ്റുകൾ വീഴ്ത്തി മിന്നുന്ന പിന്തുണ നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!