
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി മലേഷ്യൻ അത്‌ലറ്റുകൾ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഒരു മാസം നീണ്ട പരിശീലനം പൂർത്തിയാക്കി.800 മീറ്റർ താരം വാൻ മുഹമ്മദ് ഫാസ്‌രി, 400 മീറ്റർ/800 മീറ്റർ താരം ഉമർ ഉസ്മാൻ എന്നീ രണ്ട് മധ്യ-ദീർഘദൂര ഓട്ടക്കാരാണ് മുൻ ഇന്ത്യൻ പരിശീലകൻ മുഹമ്മദ് അസറുദ്ദീന്റെ കീഴിൽ പരിശീലനം നടത്തിയത്. സെപ്റ്റംബർ 10-ന് ക്യാമ്പ് അവസാനിച്ചു. മലേഷ്യൻ അത്‌ലറ്റിക്‌സിന്‍റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.
അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ജൂലൈ മാസത്തിലാണ് സായ് തിരുവനന്തപുരം താരങ്ങൾക്ക് താമസം, ഭക്ഷണം, പരിശീലന സൗകര്യങ്ങൾ ഒരുക്കിയത്. ഇതിന് സായിക്ക് സാമ്പത്തിക ബാധ്യതയില്ലായിരുന്നു. സെപ്റ്റംബർ 19 മുതൽ ഐച്ചി-നഗോയ, ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് 2026 ലക്ഷ്യമിട്ട് വിദേശ താരങ്ങൾ സായ് കേന്ദ്രങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭാഗമാണ് ഈ ക്യാമ്പ്. നേപ്പാളിൽ നിന്നുള്ള ബോക്സർമാർ സായ് ഗുവാഹത്തിയിലും ഇറാനിൽ നിന്നുള്ള കബഡി താരങ്ങൾ സായ് സോനെപത്തിലും പരിശീലനം നടത്തിയിരുന്നു.
താൻ 2020 മുതൽ 2025 വരെ ഇന്ത്യൻ ദേശീയ ടീമിന്‍റെ ഭാഗമായിരുന്നുവെന്ന് മലേഷ്യൻ പരിശീലകൻ അസറുദ്ദീൻ സായ് മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് സായ് ബാംഗ്ലൂരിൽ നിന്ന് രാജിവെച്ച് മലേഷ്യൻ അത്‌ലറ്റിക്‌സിൽ ചേർന്നു. അതുകൊണ്ട് ഇന്ത്യയിൽ പരിശീലനത്തിന് വരുന്നത് എനിക്ക് സ്വാഭാവികമാണ്. ഇവിടുത്തെ സൗകര്യങ്ങൾ വളരെ മികച്ചതാണെന്ന് എനിക്കറിയാം. മലേഷ്യൻ അത്‌ലറ്റിക്‌സിന് ഇവിടെ പരിശീലനം നേടുന്നത് നല്ലൊരു അവസരമാണ്.ആദ്യത്തെ ലക്ഷ്യം എക്സ്പോഷറാണ്, ഇന്ത്യൻ നിലവാരം എന്താണെന്ന് അറിയുക. രണ്ടാമത്തേത് ഇന്ത്യൻ താരങ്ങൾക്കൊപ്പം പരിശീലിക്കുകയും മത്സരിക്കുകയും ചെയ്യുക എന്നതാണ്. അത് അവർക്ക് കൂടുതൽ ഗുണം ചെയ്യും. യൂറോപ്യൻ രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നതിനേക്കാൾ ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യയിൽ തന്നെ പരിശീലിക്കുന്നതാണ് പ്രധാനം. കാരണം ഏഷ്യൻ ഗെയിംസാണ് ഞങ്ങൾക്ക് മുൻഗണന-അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ മത്സരങ്ങളിൽ പങ്കെടുക്കാനും താരങ്ങൾക്ക് അവസരമൊരുങ്ങി. ഓഗസ്റ്റ് 22-ന് ഭുവനേശ്വറിൽ നടന്ന വേൾഡ് അത്‌ലറ്റിക്സ് കോണ്ടിനെന്‍റൽ ടൂർ - സിൽവർ ലെവൽ മീറ്റിൽ ഇരുവരും പങ്കെടുത്തിരുന്നു.സായ് തിരുവനന്തപുരം വളരെ പ്രത്യേകതയുള്ള കേന്ദ്രമാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച ഒളിമ്പ്യൻമാർ പരിശീലിച്ച കേന്ദ്രമാണിത്. അതുകൊണ്ട് തന്നെ ഇത് ഭാഗ്യമുള്ള പരിശീലന കേന്ദ്രമാണ്. മലേഷ്യൻ അത്‌ലറ്റിക്‌സും ഇന്ത്യൻ അത്‌ലറ്റിക്‌സും തമ്മിൽ പങ്കുവെച്ച സംസ്കാരം അവിസ്മരണീയമാണ്. ഇത് അവർ ജീവിതകാലം മുഴുവൻ കൊണ്ടുനടക്കുന്ന പാഠമായിരിക്കുമെന്നും അസറുദ്ദീൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!