ഇന്ത്യയില്‍ കളിച്ച 16 ടെസ്റ്റ് മത്സരങ്ങളില്‍ 62 വിക്കറ്റുകളെടുത്തിട്ടുള്ള ബുംറ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
ദില്ലി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തില്‍ മുഹമ്മദ് നബിയുടെ വിക്കറ്റെടുത്ത് അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ടി20) 50 വിക്കറ്റുകൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യ ബൗളറെന്ന നേട്ടമാണ് 32-കാരനായ ബുംറ അഫ്ഗാനെതിരെ ഒരു വിക്കറ്റ് നേടിയതിലൂടെ സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാനെതി നാല് ഓവറിൽ 25 റൺസ് വഴങ്ങിയാണ് ബുംറ ഒരു വിക്കറ്റെടുത്തത്.
ഇന്ത്യയില്‍ കളിച്ച 16 ടെസ്റ്റ് മത്സരങ്ങളില്‍ 62 വിക്കറ്റുകളെടുത്തിട്ടുള്ള ബുംറ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 45 റൺസ് വഴങ്ങി 6 വിക്കറ്റെടുത്തതാണ് ടെസ്റ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. ഇന്ത്യയില്‍ കളിച്ച 41 ഏകദിനങ്ങളില്‍ നിന്ന് 64 വിക്കറ്റുകൾ നേടിയിട്ടുള്ള ബുംറയുടെ മികച്ച പ്രകടനം 35 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തതാണ്.
ഇന്ത്യയില്‍ കളിച്ച 45 ടി20 മത്സരങ്ങളില്‍ നിന്നാണ് ബുംറ 50 വിക്കറ്റുകൾ തികച്ചത്. 11 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്തതാണ് ടി20യില്‍ ഇന്ത്യയിലെ മികച്ച പ്രകടനം. ഇന്ത്യയിൽ 50 അതിലധികമോ ടി20 വിക്കറ്റുകൾ നേടുന്ന നാലാമത്തെ ബൗളറും മൂന്നാമത്തെ ഇന്ത്യൻ താരവും കൂടിയാണ് ബുംറ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടി20 വിക്കറ്റുകൾ നേടിയ താരം അക്ഷർ പട്ടേലാണ് 57 വിക്കറ്റുകളാണ് അക്ഷറിന്‍റെ പേരിലുള്ളത്. 56 വിക്കറ്റെടുത്തിട്ടുള്ള റാഷിദ് ഖാൻ ആണ് പട്ടികയിൽ രണ്ടാമത്. 55 വിക്കറ്റെടുത്ത അർഷ്ദീപ് സിംഗാണ് മൂന്നാം സ്ഥാനത്ത്.
