'വിരമിച്ചെന്നേയുള്ളൂ, ഇവിടെത്തന്നെ കാണും'; ആരാധകര്‍ക്കായി ഇര്‍ഫാന്‍ പത്താന്‍റെ വാക്കുകള്‍

By Web TeamFirst Published Jan 6, 2020, 10:20 PM IST
Highlights

ഇതിഹാസ പേസറാകുമെന്ന് പലരും വിലയിരുത്തിയ താരം 27-ാം വയസിലാണ് അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്

മുംബൈ: അപ്രതീക്ഷിതമല്ലെങ്കിലും ടീം ഇന്ത്യയുടെ സ്വിങ് കിംഗ് ഇര്‍ഫാന്‍ പത്താന്‍റെ വിരമിക്കല്‍ ആരാധകരെ നിരാശരാക്കുന്നുണ്ട്. സ്വിങില്‍ സാക്ഷാല്‍ വസീം അക്രത്തിന്‍റെ പിന്‍ഗാമിയാകുമെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തിയ താരം ഏഴ് വര്‍ഷം ഇന്ത്യന്‍ ടീമിന് പുറത്തുനിന്ന ശേഷമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റുമായുള്ള ബന്ധം തുടരുമെന്ന് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ വ്യക്തമാക്കി. 

'ഞാന്‍ വളരെ തിരക്കിലാണിപ്പോള്‍. കന്‍റേറ്ററായുള്ള ജീവിതം അടുത്ത രണ്ട് വര്‍ഷം കൂടി തുടരാനാണ് തീരുമാനം. ജമ്മു ആന്‍ഡ് കശ്‌മീര്‍ ക്രിക്കറ്റ് ടീമിന്‍റെ ഉപദേശകനാണിപ്പോള്‍. അതേസമയം ഒരു തമിഴ് സിനിമ ചെയ്യുന്നു. സജീവ ക്രിക്കറ്റില്‍ നിന്ന് ഞാന്‍ വിരമിച്ചു, എന്നാല്‍ ക്രിക്കറ്റുമായുള്ള ആത്മബന്ധം ജീവിതാവസാനം വരെയുണ്ടാകും. കഴിയുന്ന കാലത്തോളം യുവതാരങ്ങളെ പിന്തുണയ്‌ക്കുന്നതും സഹായിക്കുന്നതും തുടരും. അത് വഡോദരയിലായാലും ജമ്മു ആന്‍ഡ് കശ്‌മീരിലായാലും അങ്ങനെയായിരിക്കും. വിവിധ ലീഗുകളില്‍ കളിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല' എന്നും പത്താന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വിദേശ ലീഗുകളില്‍ കളിക്കാനാണ് പത്താന്‍ വിരമിക്കുന്നതെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ശനിയാഴ്‌ചയാണ് വിരമിക്കല്‍ തീരുമാനം 35കാരനായ പത്താന്‍ ആരാധകരെ അറിയിച്ചത്. ഇതിഹാസ പേസറാകുമെന്ന് പലരും വിലയിരുത്തിയ താരം 27-ാം വയസിലാണ് അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. എന്നാല്‍ ചെറിയ കരിയറിനിടെ 301 രാജ്യാന്തര വിക്കറ്റുകള്‍ നേടാന്‍ പത്താനായി. ടെസ്റ്റില്‍ 29 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റും 1105 റണ്‍സും നേടി. 120 ഏകദിനങ്ങളില്‍ നിന്ന് 173 വിക്കറ്റും 1544 റണ്‍സും പേരിലാക്കിയ താരം അന്താരാഷ്‌ട്ര ടി20യില്‍ 28 വിക്കറ്റും 172 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു ഇര്‍ഫാന്‍ പത്താന്‍. 

click me!