വീണ്ടും ചരിത്ര പരീക്ഷണവുമായി ഐസിസി; മുന്‍പ് നടന്നത് ഇന്ത്യ-വിന്‍ഡീസ് പരമ്പരയില്‍

By Web TeamFirst Published Jan 6, 2020, 9:54 PM IST
Highlights

വിന്‍ഡീസും അയര്‍ലന്‍ഡും തമ്മിലുള്ള പരിമിത ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റിലും ഫ്രണ്ട് ഫൂട്ട് നോബോളുകള്‍ പരിശോധിക്കുക മൂന്നാം അംപയറായിരിക്കും 

ദുബായ്: ക്രിക്കറ്റില്‍ അംപയറിംഗില്‍ കൃത്യത ഉറപ്പിക്കാന്‍ വീണ്ടും പരീക്ഷണവുമായി ഐസിസി. വെസ്റ്റ് ഇന്‍ഡീസ്- അയര്‍ലന്‍ഡ് പരമ്പരയിലും ഫ്രണ്ട് ഫൂട്ട് നോബോള്‍ പരിശോധിക്കുക മൂന്നാം അംപയറായിരിക്കുമെന്ന് ഐസിസി പത്രക്കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം വിന്‍ഡീസിന്‍റെ ഇന്ത്യന്‍ പര്യടനത്തില്‍ ടി20-ഏകദിന പരമ്പരകളില്‍ സമാന പരീക്ഷണം നടത്തിയിരുന്നു ഐസിസി. 

വിന്‍ഡീസും അയര്‍ലന്‍ഡും തമ്മില്‍ നടക്കുന്ന മൂന്ന് വീതം മത്സരങ്ങളുള്ള ഏകദിന- ടി20 പരമ്പരകളില്‍ ഈ പരീക്ഷണം നടത്തും. ഫ്രണ്ട് ഫൂട്ടില്‍ സംശയം തോന്നുന്ന എല്ലാ പന്തും മൂന്നാം അംപയര്‍ പരിശോധിക്കുകയും ഫീല്‍ഡ് അംപയര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുമെന്നും ഐസിസിയുടെ കുറിപ്പില്‍ പറയുന്നു. മൂന്നാം അപയര്‍ നിര്‍ദേശിക്കാതെ ഫീല്‍ഡ് അംപയര്‍ നോബോള്‍ വിളിക്കേണ്ടതില്ല എന്ന് ഐസിസി വ്യക്തമാക്കുന്നു. 

ജനുവരി ഏഴിനാണ് വെസ്റ്റ് ഇന്‍ഡീസ്- അയര്‍ലന്‍ഡ് പരമ്പര ആരംഭിക്കുന്നത്. ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ഏകദിന പരമ്പരയില്‍ 2016ലാണ് ഫ്രണ്ട് ഫൂട്ട് നോബോളുകള്‍ വിളിക്കാന്‍ മൂന്നാം അംപയറെ ആദ്യമായി ഐസിസി ചുമതലപ്പെടുത്തിയത്. അംപയറിംഗിലെ കൃത്യത ഉറപ്പിക്കാന്‍ ഐപിഎല്ലിലും സമാന പരീക്ഷണം നടത്തുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനുമുന്‍പ് ആഭ്യന്തര ക്രിക്കറ്റില്‍ ഇത് പരീക്ഷിക്കാന്‍ ബിസിസിഐക്ക് പദ്ധതിയുണ്ട്. 

click me!