അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന് ഇരുട്ടടിയായി മുഹമ്മദ് ഷമിയുടെ പരിക്ക്. പാറ്റ് കമിന്‍സിന്‍റെ ബൗണ്‍സര്‍ കൈയില്‍ കൊണ്ട ഷമിയുടെ വലതു കൈക്കുഴക്ക് പൊട്ടലുണ്ടെന്ന് സ്കാനിംഗില്‍ സ്ഥിരീകരിച്ചതോടെ താരത്തിന് ടെസ്റ്റ് പരമ്പര പൂര്‍ണമായും നഷ്ടമാവും.

സ്കാനിംഗ് റിപ്പോര്‍ട്ട് ലഭിച്ചശേഷമാണ് ഷമി ശേഷിക്കുന്ന മൂന്ന് ടെസ്റ്റിലും കളിക്കില്ലെന്ന് ടീം മാനേജ്മെന്‍റ് വ്യക്തമാക്കിയത്. ഷമിയുടെ കൈയിന് നല്ല വേദനയുണ്ടെന്നും അദ്ദേഹത്തെ സ്കാനിംഗിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും മത്സരശേഷം ക്യാപ്റ്റന്‍ വിരാട് കോലി നേരത്തെ പറഞ്ഞിരുന്നു.

രണ്ടാം ഇന്നിംഗ്സില്‍ വെറും 36 റണ്‍സിന് ഇന്ത്യ പുറത്തായ മത്സരത്തില്‍ പതിനൊന്നാമനായാണ് ഷമി ക്രീസിലെത്തിയത്. പാറ്റ് കമിന്‍സ് എറിഞ്ഞ ബൗണ്‍സര്‍ ആദ്യം പുള്‍ ചെയ്യാന്‍ ശ്രമിച്ച ഷമി പിന്നീട് ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനിടെയാണ് പന്ത് കൈക്കുഴയില്‍ കൊണ്ടത്. വേദനകാരണം ബാറ്റ് ചെയ്യാനാവാതെ വന്ന ഷമി റിട്ടയേര്‍ഡ് ഹര്‍ട്ടായതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് 36/9ല്‍ അവസാനിച്ചു. ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഷമി പന്തെറിഞ്ഞതുമില്ല.

ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ മുഹമ്മദ് ഷമിയെ കൂടെ നഷ്ടമാകുന്നത് ഇന്ത്യക്ക്കനത്ത പ്രഹരമാണ്. ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ മാത്രമാണ് ഷമി ബൗള്‍ ചെയ്തത്. വിക്കറ്റൊന്നും നേടാന്‍ ഷമിക്കായിരുന്നില്ല.

ഐപിഎല്ലിനിടെ പരിക്കേറ്റ ഇഷാന്ത് ശര്‍മ പരിക്ക് മൂലം പരമ്പരയില്‍ കളിക്കാത്തതിനാല്‍ ഷമിയിലും ബുമ്രയിലുമാണ് ഇന്ത്യയുടെ ബൗളിംഗ് പ്രതീക്ഷകള്‍. ഷമി മടങ്ങുന്നതോടെ ഇന്ത്യന്‍ ബൗളിംഗിനെ നയിക്കേണ്ട ചുമതല ജസ്പ്രീത് ബുമ്രയിലും ഉമേഷ് യാദവിലും മാത്രമാവും. ഷമിക്ക് പകരം മുഹമ്മദ് സിറാജോ നവദീപ് സെയ്നിയോ രണ്ടാം ടെസ്റ്റിനുള്ള ടീമിലെത്തിയേക്കും.