ആശങ്കയേറുന്നു; ഐപിഎല്ലിന്റെ കാര്യം രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവരുമെന്ന് ഓസീസ് പേസര്‍

By Web TeamFirst Published Sep 1, 2020, 9:25 AM IST
Highlights

പേസര്‍ ജോഷ് ഹേസല്‍വുഡും ഇതേ ആശങ്ക പങ്കുവച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപിലെ കൊവിഡ് ബാധ ആശങ്കപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാംപില്‍ കൊവിഡ് വ്യാപനമുണ്ടായതോടെ ടീമിനൊപ്പം എത്തിച്ചേരാനുള്ള മറ്റുതാരങ്ങളും ഭീതിയില്‍. വെറ്ററന്‍ സ്പിന്നിര്‍ ഹര്‍ഭജന്‍ സിംഗിന്റെ ഐപിഎല്‍ പങ്കാളിത്തം കഴിഞ്ഞ ദിവസം ചര്‍ച്ചായിരുന്നു. നാട്ടിലുളള താരം ഉടനെ യുഎഇയിലേക്ക് ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം. താരം നേരത്തെ യുഎഇയിലെത്തിയ സംഘത്തോടൊപ്പം പോയിരുന്നില്ല. അമ്മ അസുഖബാധിതയായി കിടക്കുന്നതിനെ തുടര്‍ന്നാണ് താരം വിട്ടുനിന്നത്. രണ്ടാഴ്ച്ചയ്ക്കകം എത്താമെന്നായിരുന്നു ഹര്‍ഭജന്‍ നല്‍കിയ മറുപടി.

എന്നാല്‍ താരം യാത്ര നീട്ടിവെക്കുകയായിരുന്നു. കൊവിഡ് വ്യാപകമായ സാഹചര്യത്തിലാണിതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചെന്നൈയുടെ ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡും ഇതേ ആശങ്ക പങ്കുവച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപിലെ കൊവിഡ് ബാധ ആശങ്കപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ''വാട്‌സ് അപ് ഗ്രൂപ്പില്‍ വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിച്ച ശേഷം ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനെമടുക്കൂ.'' ഹേസല്‍വുഡ് പറഞ്ഞു. ഇപ്പോള്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഓസീസ് ടീമിനൊപ്പം ലണ്ടനിലാണ് അദ്ദേഹം. 

ചെന്നൈ ക്യാംപില്‍ രണ്ട് താരങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ക്കാണ് കൊവിസ് സ്ഥിരീകരിച്ചത്. പേസര്‍ ദീപക് ചാഹര്‍, യുവ ബാറ്റ്‌സ്മാന്‍ ഋതുരാജ് ഗെയ്കവാദ് എന്നീ താരങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. ഇതിനിടെ വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ക്യാംപ് വിട്ടത് കടുത്ത വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്ലിനുണ്ടാവില്ലെന്ന് പറഞ്ഞാണ് റെയ്‌ന ക്യാംപ് വിട്ടത്.

click me!