വിഹാരിക്കും റിഷഭ് പന്തിനും സെഞ്ചുറി; സന്നാഹ മത്സരത്തില്‍ ഓസീസ് എക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

By Web TeamFirst Published Dec 12, 2020, 5:15 PM IST
Highlights

രണ്ടാം ദിനത്തിലെ അവസാന ഓവര്‍ തുടങ്ങുമ്പോള്‍ സെഞ്ചുറിയിലേക്ക് 19 റണ്‍സ് വേണ്ടിയിരുന്ന പന്ത് വൈല്‍ഡര്‍മൗത്ത് എറിഞ്ഞ അവസാന ഓവറില്‍ നാലു ഫോറും ഒരു സിക്സും അടക്കം 22 റണ്‍സടിച്ചാണ് വെടിക്കെട്ട് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്. ഹനുമാ വിഹാരിയുടെയും റിഷഭ് പന്തിന്‍റെയും സെഞ്ചുറികളുടെയും ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സെടുത്തു.

ആദ്യ ഇന്നിംഗ്സില്‍ 86 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യക്ക് ഇപ്പോള്‍ ആകെ 472 റണ്‍സിന്‍റെ ലീഡായി. ആദ്യ ഇന്നിംഗ്സിലേതുപോലെ അവസാന ദിവസം ബൗളര്‍മാര്‍ ഓസീസിനെ എറിഞ്ഞിട്ടാല്‍ അഡ്‌ലെയ്ഡിലെ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാം.

തിരിച്ചടിയോടെയാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയത്. സ്കോര്‍ ബോര്‍ഡില്‍ നാലു റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ പൃഥ്വി ഷായെ(3) ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച സ്കോറിലേക്കുള്ള അടിത്തറയിട്ടു. 78 പന്തില്‍ 65 റണ്‍സെടുത്ത ഗില്‍ ആക്രമിച്ച് കളിച്ചപ്പോള്‍ മായങ്ക്(120 പന്തില്‍ 61) കരുതലോടെ മുന്നേറി.

ഇരുവരും പുറത്തായശേഷം ഇന്നിംഗ്സിന്‍റെ കടിഞ്ഞാണേറ്റെടുത്ത ഹനുമാ വിഹാരി ആദ്യം ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്കൊപ്പം(38) അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ സുരക്ഷിത സ്കോറിലേക്ക് നയിച്ചു. ആക്രമിച്ച് കളിച്ച റിഷഭ് പന്ത് രണ്ടാം ദിനത്തിലെ അവസാന രണ്ടോവറില്‍ 30 റണ്‍സടിച്ച് സെഞ്ചുറിയിലെത്തി. 73 പന്തില്‍ ഒമ്പത് ഫോറും ആറ് സിക്സും അടക്കം 103 റണ്‍സെടുത്ത ഗില്ലും 104 റണ്‍സുമായി വിഹാരിയും പുറത്താകാതെ നിന്നു.

രണ്ടാം ദിനത്തിലെ അവസാന ഓവര്‍ തുടങ്ങുമ്പോള്‍ സെഞ്ചുറിയിലേക്ക് 19 റണ്‍സ് വേണ്ടിയിരുന്ന പന്ത് വൈല്‍ഡര്‍മൗത്ത് എറിഞ്ഞ അവസാന ഓവറില്‍ നാലു ഫോറും ഒരു സിക്സും അടക്കം 22 റണ്‍സടിച്ചാണ് വെടിക്കെട്ട് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.  187 പന്തില്‍ സെഞ്ചുറിയിലെത്തിയ ഹനുമാ വിഹാരി 104 റണ്‍സുമായി പുറത്താകാകാതെ നിന്നു. ഓസീസ് എക്കായി മാര്‍ക്ക് സ്റ്റീക്റ്റീ രണ്ട് വിക്കറ്റെടുത്തു.

click me!