സഞ്ജുവിന്‍റെ ബാക്ക് അപ്പ് എന്ന നിലയിലാണ് ഇഷാന്‍ കിഷനെ ടീമിലെടുത്തിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ റിഷഭ് പന്തിന്‍റെ ബാക്ക് അപ്പായി സഞ്ജുവിനെ ടീമിലെടുത്തതിന് സമാനമാണിത്.
മുംബൈ: കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ പേര് എറ്റവും അവസാനം പതിനഞ്ചാമനായിട്ടായിരുന്നു ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വായിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തിനപ്പുറം അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ സെക്രട്ടറി ദേവ്ജിത്ത് സൈക്കിയ പ്രഖ്യാപിക്കുമ്പോള്‍ സഞ്ജു ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനും വൈസ് ക്യാപ്റ്റൻ അക്സര്‍ പട്ടേലിനും ശേഷമുള്ള മൂന്നാം പേരുകാരനായി സഞ്ജു മാറി. രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയ ഇഷാന്‍ കിഷനാണ് ഇത്തവണ പതിനഞ്ചാം പേരുകാരനാക്കിയത്.
ആശങ്കകള്‍ ബൗണ്ടറി കടന്നു
ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ടീമിലെത്തിയാലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുണ്ടാകുമോ എന്ന ആശങ്കകളെയെല്ലാം ബൗണ്ടറി കടത്തുന്നതായിരുന്നു ടീം പ്രഖ്യാപനം. വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാന്‍ ഗില്ലിനെ തഴഞ്ഞുവെന്നത് മാത്രമല്ല, ടോപ് ഓര്‍ഡറില്‍ അഭിഷേക് ശര്‍മക്കൊപ്പം സഞ്ജു ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്നും ടീമിലെ പ്രധാന വിക്കറ്റ് കീപ്പറാകുമെന്നും ടീം പ്രഖ്യാപനം കണ്ടാല്‍ മനസിലാവും. ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന വിക്കറ്റ് കീപ്പറെയാണ് ലോകകപ്പില്‍ ടീമിനാവശ്യമെന്നും അതിനാലാണ് ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതെന്നും സെലക്ഷന്‍ കമ്മിറ്റി യോഗത്തിനുശേഷം അഗാര്‍ക്കറും സൂര്യകുമാറും വിശദീകരിച്ചു. അതിനര്‍ത്ഥം സഞ്ജു തന്നെയാണ് ഓപ്പണര്‍ എന്ന് കൂടിയാണ്. കാരണം, സഞ്ജുവിനൊപ്പം വിക്കറ്റ് കീപ്പറായി ടീമിലെത്തിയ ഇഷാന്‍ കിഷന്‍ ഇടം കൈയന്‍ ബാറ്ററാണ്. മറ്റൊരു ഓപ്പണറായ അഭിഷേക് ശര്‍മയും ഇടം കൈയന്‍ ബാറ്ററാണെന്നതിനാല്‍ ഇടം കൈ-വലംകൈ കോംബിനേഷന്‍ ഉറപ്പുവരുത്തുമ്പോള്‍ സഞ്ജു തന്നെയാകും ഓപ്പണറായി ടീമിലെത്തുക.
ഇഷാന്‍ കിഷന്‍ ബാക്ക് അപ്പ്

ഗില്ലിനെ എന്തിന് പരീക്ഷിച്ചു
ലോകകപ്പില്‍ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പറെ വേണമെന്ന് പറയുമ്പോൾ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര മുതല്‍ ജിതേഷ് ശര്‍മയെ മധ്യനിരയില്‍ പരീക്ഷിച്ചതിനും ഉത്തരമില്ല. വിവിധ കോംബിനേഷനുകള്‍ പരീക്ഷിക്കാനാണ് ഈ മത്സരങ്ങളിലെല്ലാം ശ്രമിച്ചതെന്നാണ് അഗാര്‍ക്കറും സൂര്യയും നല്‍കുന്ന വിശദീകരം. എന്നാല്‍ ടോപ് ഓര്‍ഡറില്‍ കഴിവുതെളിയിച്ചൊരു കളിക്കാരനെ മാറ്റിയായിരുന്നു ഈ പരീക്ഷണം. ഒടുവില്‍ അർഹതക്കുള്ള അംഗീകാരാമായി സഞ്ജു ടീമിന്‍റെ ഓപ്പണറും പ്രധാന വിക്കറ്റ് കീപ്പറുമാകുമ്പോള്‍ ഇത്രയും നാള്‍ നേരിട്ട അവഗണകള്‍ക്കുള്ള മറപടി കൂടിയായി അത്. റിങ്കു സിംഗിന്‍റെയും ഇഷാന്‍ കിഷന്‍റെയും സെലക്ഷനും അപ്രതീക്ഷിതമായിരുന്നെങ്കിലും അര്‍ഹിച്ചതായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ നിര്‍ഭാഗ്യം കൊണ്ട് ലോകകപ്പ് ടീമിലിടം കിട്ടാതെ പോകുകയും പിന്നീട് പലവട്ടം ടീമിലുണ്ടായിട്ടും അവസരം കിട്ടാതെ ഡഗ് ഔട്ടിലിരിക്കേണ്ടിവന്ന റിങ്കുവും ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമികവുകൊണ്ട് ഇഷാന്‍ കിഷനും ലോകകപ്പ് ടീമിലെത്തി.


