ആഞ്ഞടിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍; ബ്രിസ്‌ബേനില്‍ ഓസീസ് 369ന് പുറത്ത്

By Web TeamFirst Published Jan 16, 2021, 7:50 AM IST
Highlights

മൂന്ന് വിക്കറ്റ് വീതം നേടിയ ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, നടരാജന്‍ എന്നിവരാണ് രണ്ടാംദിനം ഓസീസിനെ വേഗത്തില്‍ മടക്കിയത്.

ബ്രിസ്‌ബേന്‍: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് 369ന് പുറത്ത്. അഞ്ചിന് 274 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഓസീസ് 96 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, നടരാജന്‍ എന്നിവരാണ് രണ്ടാംദിനം ഓസീസിനെ വേഗത്തില്‍ മടക്കിയത്. മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. ലബുഷെയ്‌നിന്റെ (108) സെഞ്ചുറിയാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഓസീസ് കൂടാരം കയറിയതോടെ ലഞ്ചിന് പിരിയുകയായിരുന്നു. 

കൂട്ടുകെട്ട് പൊളിച്ച് താക്കൂര്‍

രണ്ടാംദിനം ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത് താക്കൂറിന്റെ സ്‌പെല്ലാണ്. ആദ്യദിനം അവസാനിക്കുമ്പോള്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയരുന്നു കാമറൂണ്‍ ഗ്രീന്‍ (47)- ടിം പെയ്ന്‍ (50) സഖ്യം. അവര്‍ രണ്ടാം ദിവസവും തുടര്‍ന്നപ്പോള്‍ ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന് കരുതി. എന്നാല്‍ താക്കൂര്‍ ബ്രേക്ക് ത്രൂ നല്‍കി. പെയ്‌നിനെ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു.

സുന്ദറിന്റെ ഇരട്ട പ്രഹരം 

പെയ്‌നിനെ താക്കൂര്‍ മടക്കിയപ്പോള്‍ ഗ്രീനിന്റെ വിക്കറ്റ് തെറിപ്പിച്ച് സുന്ദര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നാലെ നഥാന്‍ ലിയോണിനേയും സുന്ദര്‍ മടക്കിയയച്ചു. ഏകദിന ശൈലിയില്‍ ബാറ്റ് വീശീയ ലിയോണിലെ (22 പന്തില്‍ 24) സുന്ദര്‍ ബൗള്‍ഡാക്കുകയായിരുന്നു. സ്വീപ്പിന് ശ്രമിക്കുമ്പോഴാണ് താരം പുറത്തായത്. ഇതിനിടെ പാറ്റ് കമ്മിന്‍സിനെ (2) താക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ജോഷ് ഹേസല്‍വുഡിനെ (11) നടരാജന്‍ ബൗള്‍ഡാക്കിയതോടെ ഓസീസ് ഇന്നിങ്‌സ് അവസാനിച്ചു. മിച്ചലല്‍ സ്റ്റാര്‍ക്ക് (20) പുറത്താവാതെ നിന്നു. 

ലബുഷെയ്‌നിന്റെ സെഞ്ചുറി

നേരത്തെ മര്‍നസ് ലബുഷെയ്‌നിന്റെ (108) സെഞ്ചുറിയാണ് ഓസീസിന് സഹായകമായത്. ടെസ്റ്റ് കരിയറില്‍ അഞ്ചാം സെഞ്ചുറിയാണ് താരം പൂര്‍ത്തിയാക്കിയത്. 204 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ലബുഷെയ്ന്‍ 38ല്‍ നില്‍ക്കെ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഗള്ളിയില്‍ അവസരം നഷ്ടമാക്കി. ഇതിന് കനത്ത വിലയും നല്‍കേണ്ടിവന്നു. സ്റ്റീവന്‍ സമിത്ത് (36), മാത്യൂ വെയ്ഡ് (45) എന്നിവര്‍ക്കൊപ്പം ലബുഷെയ്ന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. സ്മിത്തിനൊപ്പം 70 റണ്‍സും വെയ്ഡിനൊപ്പം 113 റണ്‍സും താരം കൂട്ടിച്ചേര്‍ത്തു. വെയ്ഡ്, ലബുഷെയ്ന്‍ എന്നിവരെ നടരാജനാണ് മടക്കിയത്. സുന്ദറിനാിയിരുന്നു സ്മിത്തിന്റെ വിക്കറ്റ്

നിരാശപ്പെടുത്തി ഓപ്പണിംഗ് സഖ്യം

ഓസീസിന്റെ ഓപ്പണിംഗ് സഖ്യം ഇത്തവണയും നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ തന്നെ വാര്‍ണര്‍ പവലിയനില്‍ തിരിച്ചെത്തി. സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ രോഹിത്തിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. സെക്കന്‍ഡ് സ്ലിപ്പില്‍ നിന്ന് തന്റെ വലത്തോട് ഡൈവ് ചെയ്ത രോഹിത് തകര്‍പ്പന്‍ ക്യാച്ചിലൂടെ പന്ത് കയ്യിലൊതുക്കി. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്സിലാണ് വാര്‍ണര്‍ മികച്ച തുടക്കം നല്‍കാനാവാതെ മടങ്ങുന്നത്. പുകോവ്സികിയുടെ പകരക്കാരനായ ഹാരിസും (5) പെട്ടന്ന് തന്നെ മടങ്ങി. ഷാര്‍ദുല്‍ താക്കൂറിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റായിരുന്നു ഇത്. ഇടങ്കയ്യനായ ഹാരിസ് പന്ത് ഫ്ളിക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്‌ക്വയര്‍ ലെഗില്‍ വാഷിംഗ്ടണ്‍ സുന്ദറിന് ക്യാച്ച് നല്‍കി.

click me!