
ഹൊബാര്‍ട്ട്: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടില്‍ നടക്കും. മെല്‍ബണില്‍ നടന്ന രണ്ടാം മത്സരത്തില്‍ ദയനീയ തോല്‍വി വഴങ്ങിയ ഇന്ത്യക്ക് പരമ്പരയില്‍ തിരിച്ചുവരാന്‍ ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.
പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം ടി20 മത്സരം ജയിച്ച ഓസീസ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലാണ്. മെല്‍ബണിലെ സ്പൈസി പിച്ചില്‍ രണ്ടാം മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസൺ ഇന്ന് ഏത് ബാറ്റിംഗ് പൊസിഷനിൽ ഇറങ്ങും എന്നറിയാനാണ് ആരാധകരുടെ ആകാംക്ഷ. രണ്ടാം മത്സരത്തില്‍ ജോഷ് ഹേസല്‍വുഡിന്‍റെ ബൗൺസിനും സ്വിംഗിനും മുന്നില്‍ ഇന്ത്യയുടെ മുന്നിരക്ക് അടി തെറ്റിയപ്പോള്‍ സഞ്ജു രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഓപ്പണറായി ഇറങ്ങുന്ന വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനും വിമര്‍ശകരുടെ വായടപ്പിക്കാന്‍ മികച്ചൊരു ഇന്നിംഗ്സ് അനിവാര്യമാണ്. ക്യാപ്റ്റൻ സൂര്യകമാര്‍ യാവിന്‍റെ ബാറ്റിംഗ് ഫോമും ഇന്ത്യക്ക് വെല്ലുവിളിയാണ്.
മഴമൂലം ഉപേക്ഷിച്ച ആദ്യ മത്സരത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തിയെന്ന് തോന്നിച്ച സൂര്യ മെല്‍ബണില്‍ ഹേസല്‍വുഡിന് മുന്നില്‍ കീഴടങ്ങിയിരുന്നു. രണ്ടാം മത്സരം കളിച്ച ടീമില്‍ ഇന്ത്യ ഇന്ന് അഴിച്ചുപണി നടത്തിയേക്കുമെന്നാണ് കരുതുന്നത്. ബൗളിംഗ് നിരയില്‍ കുല്‍ദീപ് യാദവിന് പരം അര്‍ഷ്ദീപ് സിംഗിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചേക്കും. മധ്യനിരയില്‍ ശിവം ദുബെക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡിയോ വാഷിംഗ്ടണ്‍ സുന്ദറോ പ്ലേയിംഗ് ഇലവനിലെത്താനുള്ള സാധ്യതയുമുണ്ട്.
അര്‍ഷ്ദീപ് കളിച്ചാല്‍ വാഷിംഗ് ടണ്‍ സുന്ദറാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക എന്നാണ് സൂചന. ഓസീസ് ടീമിലും ഇന്ന് മാറ്റങ്ങളുണ്ടാകും. രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച ജോഷ് ഹേസല്‍വുഡ് ആഷസ് തയാറെടുപ്പുകള്‍ക്കായി പോകുന്നതിനാല്‍ പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ലെന്നത് ഇന്ത്യക്ക് ആശ്വാസകരമാണ്. ഷോണ്‍ ആബട്ടായിരിക്കും പകരം ഓസീസ് പ്ലേയിംഗ് ഇലവനിലെത്തുക. പരിക്കിൽനിന്ന് മുക്തനായ ഗ്ലെൻ മാക്സ്‍വെല്ലും ഇന്ന് ഓസീസ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.