വനിതാ ഏകദിന ലോകകപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം, ചരിത്രം തിരുത്താൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും, ടോസ് നിര്‍ണായകം

Published : Nov 02, 2025, 08:22 AM IST
India vs South Africa

Synopsis

ഏഴുതവണ ചാമ്പ്യൻമാരായ ഓസ്ട്രേലിയൻ കരുത്തിനെ സെമിയിൽ മുട്ടുകുത്തിച്ച ആത്മവിശ്വാസവുമായാണ് ഹർമൻപ്രീത് കൗറും സംഘവും മുംബൈയിൽ സ്വന്തം കാണികൾക്ക് മുന്നിൽ കിരീടപ്പോരിന് ഇറങ്ങുന്നത്.

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം.ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഉച്ചതിരിഞ്ഞ് മൂന്നു മുതൽ നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. വിജയകിരീടം ആര് സ്വന്തമാക്കിയാലും വനിതാ ക്രിക്കറ്റിന് പുതിയ ചാമ്പ്യൻമാരെ ലഭിക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ആദ്യമായാണ് ഇംഗ്ലണ്ടോ ഓസ്ട്രേലിയയോ ഇല്ലാതെ ഒരു വനിതാ ഏകദിന ലോകകപ്പ് ഫൈനല്‍ നടക്കുന്നത്.

പുതുചരിത്രം രചിച്ച് കന്നിക്കിരീടത്തിനായി ഇന്ത്യ മൂന്നാം ഫൈനലിന് ഇറങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഫൈനലാണ്. ഏഴുതവണ ചാമ്പ്യൻമാരായ ഓസ്ട്രേലിയൻ കരുത്തിനെ സെമിയിൽ മുട്ടുകുത്തിച്ച ആത്മവിശ്വാസവുമായാണ് ഹർമൻപ്രീത് കൗറും സംഘവും മുംബൈയിൽ സ്വന്തം കാണികൾക്ക് മുന്നിൽ കിരീടപ്പോരിന് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയുടെ കന്നി ഫൈനൽ പ്രവേശം. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ മൂന്ന് വിക്കറ്റ് തോൽവിക്ക് പകരംവീട്ടാൻ കൂടിയുണ്ട് ടീം ഇന്ത്യക്ക്.

ജമീമ റോഡ്രിഗ്സിന്‍റെ ഐതിഹാസിക സെഞ്ച്വറി ടീം ഇന്ത്യക്കും ആരാധകർക്കും നൽകിയത് വാനോളം ആവേശവും പ്രതീക്ഷകളും. ഇതോടെ ടീമും സെറ്റായി. ഷെഫാലി വർമ്മയും സ്മൃതി മന്ദാനയും നല്ല തുടക്കം നൽകിയാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവും. മധ്യനിരയ്ക്ക് കരുത്തായി ജമീമയും ഹർമൻപ്രീത് കൗറും ദീപ്തി ശർമ്മയും റിച്ച ഘോഷും. ക്രാന്തി ഗൗഡിന്‍റെയും ശ്രീ ചരണിയുടെയും രേണുക സിംഗിന്റെയും ബൗളിംഗ് മികവും കലാശപ്പോരില്‍ നിർണായകമാകും.

ലോറ വോൾവാർട്ട്, നെയ്ദിൻ ഡി ക്ലാർക്ക്, മരിസാൻ കാപ്പ്, ടസ്മിൻ ബ്രിറ്റ്സ് തുടങ്ങിയവരിലാണ് ദക്ഷിണാഫ്രിക്കൻ പ്രതീക്ഷ. ബാറ്റർമാരെ തുണയ്കുന്ന വിക്കറ്റിൽ ടോസ് നിർണായകമാകും. രണ്ടാമത് പന്തെറിയുന്ന ടീമിന് മഞ്ഞുവീഴ്ച വെല്ലുവിളി ആവുന്നതിനൊപ്പം മഴ രസംകൊല്ലിയാവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനമുണ്ട്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?