ബ്രിസ്‌ബേനില്‍ കുല്‍ദീപിനെ കളിപ്പിക്കാത്തത് അത്ഭുതപ്പെടുത്തി; തുറന്നുപറഞ്ഞ് അഗാര്‍ക്കര്‍

By Web TeamFirst Published Jan 15, 2021, 10:14 AM IST
Highlights

സിഡ്നി ടെസ്റ്റില്‍ ഹനുമാ വിഹാരിക്കും രവീന്ദ്ര ജഡേജയ്‌ക്കും രവിചന്ദ്ര അശ്വിനും ജസ്‌പ്രീത് ബുമ്രക്കും പരിക്കേറ്റതോടെ 11 പേരെ ഒപ്പിക്കാന്‍ തല പുകയ്‌ക്കുകയായിരുന്നു ഇന്ത്യ.

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ ബ്രിസ്‌ബേന്‍ ടെസ്റ്റിന് മുമ്പ് അന്തിമ ഇലവനെ കണ്ടെത്താന്‍ ഉഴലുകയായിരുന്നും ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ്. മുന്‍നിര താരങ്ങളുടെ നീണ്ടനിര തന്നെ പരിക്കിന്‍റെ പിടിയിലായതോടെയാണിത്. സിഡ്നി ടെസ്റ്റില്‍ ഹനുമാ വിഹാരിക്കും രവീന്ദ്ര ജഡേജയ്‌ക്കും രവിചന്ദ്ര അശ്വിനും ജസ്‌പ്രീത് ബുമ്രക്കും പരിക്കേറ്റതോടെ 11 പേരെ ഒപ്പിക്കാന്‍ തല പുകയ്‌ക്കുകയായിരുന്നു ഇന്ത്യ. ഒടുവില്‍ നാല് മാറ്റങ്ങളുമായി ബ്രിസ്‌ബേനില്‍ ഇന്ത്യയിറങ്ങി.  

പരിക്കേറ്റ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി, ജസ്‌പ്രീത് ബുമ്ര, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ക്ക് പകരം ടി നടരാജനും വാഷിംഗ്‌ടണ്‍ സുന്ദറും ഷാര്‍ദുല്‍ താക്കൂറും മായങ്ക് അഗര്‍വാളും അന്തിമ ഇലവനിലെത്തി. ഇവരില്‍ നട്ടുവും സുന്ദറും ടെസ്റ്റ് അരങ്ങേറ്റത്തിനായാണ് ഇറങ്ങിയത്. എന്നാല്‍ സുന്ദറിന് ഇന്ത്യ അവസരം നല്‍കിയപ്പോള്‍ ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോര്‍ഡുള്ള സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് അവസരം ലഭിച്ചില്ല. കുല്‍ദീപ് ഇലവനിലെത്താത്തതില്‍ മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. 

കുല്‍ദീപ് നിരാശനായിരിക്കും എന്ന് അഗാര്‍ക്കര്‍

'കുല്‍ദീപ് നിരാശനായിരിക്കും. അവസാന ഓസീസ് പര്യടനത്തില്‍ കളിച്ച ശേഷംവിദേശത്ത് ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്‌പിന്നര്‍ കുല്‍ദീപാണ്. എന്നാല്‍ അതിന് ശേഷം കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. അഞ്ച് ബൗളര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ പരിചയസമ്പത്ത് പരിഗണിക്കണം. രവീന്ദ്ര ജഡേജയ്‌ക്ക് പകരം ഓള്‍റൗണ്ടറായാണ് വാഷിംഗ്‌ടണിനെ കളിപ്പിക്കുന്നതെങ്കില്‍ എന്തുകൊണ്ട് മറ്റൊരു സ്‌പിന്നറില്ല. ഒരു സ്‌പിന്നറെ കൂടി ഉള്‍പ്പെടുത്തിയിരുന്നു എങ്കില്‍ ടീം കൂടുതല്‍ സന്തുലമായേനേ'. 

'മിച്ചല്‍ സ്റ്റാര്‍ക്കിനെ പോലൊരു അറ്റാക്കിംഗ് പേസര്‍ ടീമിലില്ല. കുറച്ചധികം പേസുള്ളത് നവ്‌ദീപ് സൈനിക്ക് മാത്രമാണ്. മുന്‍പ് ഓസ്‌ട്രേലിയയില്‍ കാട്ടിയിട്ടുള്ളത് പോലെ വ്യത്യസ്തമായ പന്തുകള്‍ എറിയാന്‍ കുല്‍ദീപിനാകുമായിരുന്നു. കുല്‍ദീപ് കളിക്കുന്നില്ല എന്നത് വളരെ അത്ഭുതപ്പെടുത്തി. അയാളും നിരാശനായിരിക്കും' എന്നും അഗാര്‍ക്കര്‍ പറഞ്ഞു. 

ശാസ്‌ത്രി മുമ്പ് പറഞ്ഞത് മറ്റൊന്ന്

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തില്‍ ഇന്ത്യ 2-1ന് ചരിത്ര ജയം നേടിയപ്പോള്‍ പരിശീലകന്‍ രവി ശാസ്ത്രി കുല്‍ദീപ് യാദവിനെ പ്രശംസിച്ചിരുന്നു. ടെസ്റ്റില്‍ വിദേശത്ത് ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്‌പിന്നര്‍ എന്ന വിശേഷണമാണ് ശാസ്‌ത്രി അന്ന് നല്‍കിയത്. 

ടെസ്റ്റ് ക്യാപ്പണിഞ്ഞ് നടരാജന്‍; അരങ്ങേറ്റം അപൂര്‍വ റെക്കോര്‍ഡോടെ!

'വിദേശത്ത് ടെസ്റ്റ് കളിച്ച് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി കുല്‍ദീപ് യാദവ്. വിദേശത്ത് നമ്മുടെ പ്രധാനപ്പെട്ട സ്‌പിന്നര്‍മാരില്‍ ഒരാളായി മാറുന്നു അദേഹം. ഒരു സ്‌പിന്നറെ കളിപ്പിക്കണമെങ്കില്‍ അത് കുല്‍ദീപായിരിക്കും. എല്ലാവര്‍ക്കും ഒരു സമയമുണ്ട്. എന്നാല്‍ ഇപ്പോള്‍ വിദേശത്ത് നമ്മുടെ മുന്‍നിര സ്‌പിന്നര്‍ കുല്‍ദീപാണ്' എന്നായിരുന്നു സിഡ്‌നി ടെസ്റ്റില്‍ കുല്‍ദീപ് അഞ്ച് വിക്കറ്റ് നേടിയതിന് ശേഷം ശാസ്‌ത്രിയുടെ പ്രതികരണം. 

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ പേസര്‍മാരായി മുഹമ്മദ് സിറാജ്, ടി നടരാജന്‍, ഷാര്‍ദുല്‍ താക്കൂര്‍, നവ്‌ദീപ് സെയ്‌നി എന്നിവരേയും സ്‌പിന്നറായി വാഷിംഗ്‌ടണ്‍ സുന്ദറിനേയുമാണ് ഇന്ത്യ കളിപ്പിക്കുന്നത്. 

ഓസീസിന്‍റെ തുടക്കം മോശം; ഇന്ത്യയുടെ പുത്തന്‍ ബൗളിങ് നിരക്കെതിരെ പിടിച്ചുനിന്ന് സ്മിത്ത്- ലബുഷെയ്ന്‍ സഖ്യം

 

click me!