
ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരെ ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചതോടെ പേസര്‍ ടി നടരാജന് ചരിത്രനേട്ടം. ഒരേ പര്യടനത്തില്‍ മൂന്ന് ഫോര്‍മാറ്റിലും അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലാണ് നട്ടു ഇടംപിടിച്ചത്.
പരിക്കുമൂലം മുന്‍നിര പേസര്‍മാരെല്ലാം വിശ്രമത്തിലായതോടെയാണ് ടി നടരാജന് ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യ അരങ്ങേറ്റത്തിന് നല്‍കിയത്. ബൗളിംഗ് പരിശീലകന്‍ ഭരത് അരുണാണ് ക്യാപ്പ് നല്‍കിയത്. ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്ന 300-ാം താരമാണ് നടരാജന്‍. ടെസ്റ്റ് ക്രിക്കറ്റിലേക്ക് നടരാജനെ ഐസിസി സ്വാഗതം ചെയ്‌തു.
വാഷിംഗ്‌ടണ്‍ സുന്ദറിനും അരങ്ങേറ്റം
സ്‌പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറും ബ്രിസ്‌ബേനില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഇന്ത്യയുടെ 301-ാം ക്യാപ്പാണ് സുന്ദറിന് ലഭിച്ചത്. സീനിയര്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനാണ് തൊപ്പി കൈമാറിയത്. നെറ്റ് ബൗളര്‍മാരായാണ് ഇരുവരും ഓസ്‌ട്രേലിയയില്‍ എത്തിയത്.
നേരത്തെ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഉമേഷ് യാദവിന് പകരമാണ് നടരാജനെ ടെസ്റ്റ് സ്ക്വാഡിൽ ഉള്‍പ്പെടുത്തിയത്. ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ് ബൗളറായി പോയ നടരാജനെ ടി20 ടീമിലും ഏകദിന ടീമിലും പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. രണ്ട് ഫോര്‍മാറ്റിലും തിളങ്ങിയതിന് പിന്നാലെയാണ് ടെസ്റ്റ് അരങ്ങേറ്റത്തിനും അവസരം ലഭിച്ചത്.
ഒരു മാറ്റവുമായി ഓസീസ്
പ്ലേയിംഗ് ഇലവനില്‍ നാല് മാറ്റങ്ങളുമായാണ് ഗാബയില്‍ ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി, ജസ്‌പ്രീത് ബുമ്ര, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ കളിക്കുന്നില്ല. നടരാജനും സുന്ദറിനൊപ്പം ഷാര്‍ദുല്‍ താക്കൂറും മായങ്ക് അഗര്‍വാളും അന്തിമ ഇലവനിലെത്തി. അതേസമയം പരിക്കേറ്റ ഓപ്പണര്‍ വില്‍ പുകോവ്‌സ്‌കിക്ക് പകരം മാര്‍ക്കസ് ഹാരിസാണ് ഓസീസ് ഇലവനിലെ ഏക മാറ്റം.
നിറയെ സര്‍പ്രൈസ്, രണ്ട് ഇന്ത്യന്‍ താരങ്ങള്‍ അരങ്ങേറ്റത്തിന്; ബ്രിസ്‌ബേനില്‍ ഓസീസിന് ടോസ്